Kerala
തീവ്രവാദ സംഘടനകള്‍ക്ക് സഹായം; വര്‍ക്കലയില്‍ പിടിയിലായത് കൊടുംകുറ്റവാളി
യു എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം | വര്‍ക്കലയില്‍ പോലീസ് പിടികൂടിയ ലിത്വാനിയന്‍ പൗരന്‍ കൊടുംകുറ്റവാളി. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ വരെ ഇയാള്‍ പ്രവര്‍ത്തിച്ചെന്നാണ് കണ്ടെത്തല്‍. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളിയായ അലക്സേജ് ബെസിയോക്കോവ് (46)നെയാണ് വര്‍ക്കല കുരയ്ക്കണ്ണിയിലെ ഹോംസ്റ്റേയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
വിവിധ കുറ്റകൃത്യങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാള്‍ സമ്പാദിച്ചിരുന്നത്. യു എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ പിടികിട്ടാപ്പുള്ളിയാണ്. അവധിക്കാലം ചെലവഴിക്കാനായിരുന്നു ഇയാള്‍ വര്‍ക്കലയിലെത്തിയത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി ബി ഐയുമായി സഹകരിച്ച് പോലീസ് പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യാന്തര തീവ്രവാദ സംഘടനകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ ഇയാള്‍ അവസരമൊരുക്കിയെന്നാണ് കേസ്.
ഇന്റര്‍പോള്‍, സി ബി ഐ, കേരള പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ വലയിലാക്കിയത്. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിംഗ്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നീ കേസുകളിലും പ്രതിയാണ്. യു എസ എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍ നിന്ന് പ്രതിക്കെതിരെ താത്കാലിക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
റിമാന്‍ഡിലായ പ്രതിയെ പോലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം അമേരിക്കക്ക് കൈമാറും.