Career Education
വിദേശമാണോ ലക്ഷ്യം, അക്കൗണ്ടിംഗ് പഠിക്കൂ...
അക്കൗണ്ടിംഗ് പഠിച്ചവർക്ക് വിദേശത്ത് ധാരാളം തൊഴിലവസരങ്ങൾ

കൊമേഴ്‌സ് പ്രധാന വിഷയമായി പഠിച്ചവരെ തേടി ധാരാളം തൊഴിലവസരങ്ങൾ ഇന്ന് നിലവിലുണ്ട്. അത് എങ്ങനെ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. കൊമേഴ്‌സ് വിദ്യാർഥികൾക്കായി ചില അക്കൗണ്ടിംഗ് കോഴ്‌സുകളെ കുറിച്ച് പരിചയപ്പെടാം.
C A
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടർ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) നടത്തുന്ന ഒരു മികച്ച അക്കൗണ്ടിംഗ് കോഴ്‌സാണ് സി എ. ഉന്നത പദവിയും സാലറിയും ഇത് വാഗ്‌ദാനം ചെയ്യുന്നു. പഠിക്കാൻ സാധാരണ സ്‌കൂളുകളോ കോളജുകളോ ഉണ്ടാവില്ല. ICAI തരുന്ന പഠനസാമഗ്രികൾ ഉപയോഗിച്ച് സ്വയം പഠിക്കുകയോ സ്വകാര്യ സ്ഥാപനങ്ങളുടെ കോച്ചിംഗ് നേടുകയോ ചെയ്യണം. ICAI യുടെ ബ്രാഞ്ചുകളിൽ സി എ കോച്ചിംഗ് നൽകുന്നുണ്ട്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്.
ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ എന്നീ മൂന്ന് തലങ്ങളിൽ പരീക്ഷകളുണ്ട്. മൂന്ന് വർഷം ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഓഫീസിൽ ആർട്ടിക്കിൾഡ് അസിസ്റ്റന്റായി പരിശീലനം വേണം.
താത്പര്യമുള്ളവർക്ക് പ്ലസ് ടു കഴിഞ്ഞ് നാല്, അഞ്ച് വർഷത്തിനകം സി എ നേടാം. അക്കൗണ്ടിംഗ്, ടാക്‌സ്, കോസ്റ്റിംഗ്, ഫിനാൻസ്, ലോ, മാനേജ്‌മെന്റ് തുടങ്ങിയവ പഠിക്കാം. അടുത്ത പ്രാവശ്യം മുതൽ പരിഷ്‌കരിച്ച സിലബസ് പ്രതീക്ഷിക്കുന്നുണ്ട്. നിർമിത ബുദ്ധി, ഡാറ്റാ സയൻസ്, ബ്ലോക്ക് ചെയിൻ, മനഃശാസ്ത്രം, ഭരണഘടന മുതലായവ പരിഷ്‌കരിച്ച സിലബസിൽ പെടും.
ACCA
ചാർട്ടേഡ് അക്കൗണ്ടൻസിക്ക് സമാനമായ യോഗ്യതാ മാനദണ്ഡങ്ങളുള്ളതും പൂർത്തിയാക്കിയതിന് ശേഷം സമാനമായ തൊഴിൽ സാധ്യതകൾ വാഗ്‌ദാനം ചെയ്യുന്നതുമായ ഒരു കോഴ്സാണ് ACCA. ഇന്ത്യയിൽ ഇതിന് സ്റ്റാറ്റ്യൂട്ടറി അധികാരമില്ല എന്നറിയണം.
ACCA എന്നത് യു കെ ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് ബോഡിയായ അസ്സോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (ACCA) എന്നതിന്റെ ചുരുക്കപ്പേരാണ്. എ സി സി എ കോഴ്സ് യു കെ സി എക്ക് തുല്യമാണ്. ഇതിനെ ഗ്ലോബൽ സി എ എന്നും വിളിക്കുന്നു. സി എ പൂർത്തിയാക്കിയ ഒരാൾക്ക് ACCA പരീക്ഷിക്കാവുന്നതാണ്. ഒന്പത് പേപ്പർ വരെ ഇളവുകൾക്ക് അർഹതയുണ്ട്.
ട്രെയിനി വികസനത്തിനും പ്രൊഫഷനൽ വികസനത്തിനും സാധ്യതയുള്ള അംഗീകൃത തൊഴിലുടമകളുടെ പട്ടികയിൽ 180 രാജ്യങ്ങളിലും ലോകത്തെ ചില പ്രശസ്ത കമ്പനികളിലും ഈ യോഗ്യത അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ കമ്പനികളിൽ ബാർക്ലേസ്, ആക്സെഞ്ചർ, ക്രെഡിറ്റ് സ്യൂസ്, ഐ ബി എം എന്നിവ ഉൾപ്പെടുന്നു. ACCAകൾ പലപ്പോഴും ഇന്ത്യക്ക് പുറത്ത് ഒരു CAയുടേതിന് സമാനമായ സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നു. കൂടാതെ INR ആറ് മുതൽ എട്ട് LPA വരെ ശരാശരി ആരംഭ ശമ്പളം നേടാൻ കഴിയും. KPMG, Deloitte, EY, PwC തുടങ്ങിയ പ്രശസ്ത അക്കൗണ്ടിംഗ് സ്ഥാപനങ്ങളിലും പ്രവർത്തിക്കാം.
US CPA
ഇന്ത്യയിലും യു എസിലും ജോലി ചെയ്യാൻ കഴിയുന്ന CAയുടെ പതിപ്പാണ് US CPA. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് (എ ഐ സി പി എ) ആണ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടിംഗ് കോഴ്സ് വാഗ്‌ദാനം ചെയ്യുന്നത്.
യു എസിലെ ഏറ്റവും ഉയർന്ന അക്കൗണ്ടിംഗ് യോഗ്യതയാണ് യു എസ് സി പി എ. യു എസ് സി പി എക്കും സി പി എ കാനഡക്കും മ്യൂച്വൽ റെക്കഗ്‌നിഷൻ എഗ്രിമെന്റ്(എംആർ എ) ഉള്ളതിനാൽ യു എസ് സി പി എ നേടുകയാണെങ്കിൽ നേരിട്ട് സി പി എ കാനഡയാകാൻ യോഗ്യത ലഭിക്കും. നിങ്ങൾ യു എസിലേക്കോ കാനഡയിലേക്കോ പോകാനും അവിടെ ഒരു അക്കൗണ്ടിംഗ് പ്രൊഫഷനലായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ CAക്ക് ശേഷമോ ബിരുദം കഴിഞ്ഞോ ഈ കോഴ്സ് ചെയ്യാവുന്നതാണ്.
യു എസിനും കാനഡക്കും പുറമേ, ഒരു യു എസ് സി പി എക്ക് വടക്കേ അമേരിക്കയിലെ മറ്റ് രാജ്യങ്ങളിലും ആസ്‌ത്രേലിയയിലും ന്യൂസിലാൻഡിലും പ്രവർത്തിക്കാൻ കഴിയും.
US CMA
അക്കൗണ്ടിംഗിന്റെയും ഫിനാൻസിന്റെയും തന്ത്രപരമായ വശങ്ങളിൽ താത്പര്യമുള്ളവർക്ക്, യു എസ് സി എം എ മികച്ച കോഴ്സ് ഓപ്ഷനാണ്. യു എസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്‌സ് (ഐ എം എ) നടത്തുന്ന ഒരു ഹ്രസ്വകാല കോഴ്സാണ് സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ്. ഈ കോഴ്സ് ഇന്ത്യൻ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ് കോഴ്സുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും ഇത് പൂർത്തിയാക്കാൻ മൂന്ന് വർഷം ആവശ്യമുള്ള ഇന്ത്യൻ സി എം എക്ക് വിപരീതമായി ഒരു വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാകും.
കൂടാതെ, യു എസ് സി എം എ ഉപയോഗിച്ച്, നിങ്ങൾക്ക് ഇന്ത്യയിലും യു എസ്, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും മാനേജ്മെന്റ് അക്കൗണ്ടിംഗ് പ്രൊഫഷനലായി പ്രവർത്തിക്കാം. മതിയായ പരിചയവും യു എസ് സി എം എ യോഗ്യതയും ഉണ്ടെങ്കിൽ ഒരു കമ്പനിയുടെ സി എഫ് ഒ വരെ ആകാൻ കഴിയും.
ആമസോൺ, ആപ്പിൾ, ഗൂഗിൾ, കൊക്കകോള തുടങ്ങിയ ഉപഭോക്തൃ കേന്ദ്രീകൃത കമ്പനികളിൽ യു എസ് സി എം എക്കുള്ള സാധ്യത കൂടുതലാണ്.
CFA
ഇൻവെസ്റ്റ്മെന്റ് ബേങ്കിംഗിലോ പോർട്ട്ഫോളിയോ മാനേജ്മെന്റിലോ ഉള്ള ഒരു കരിയർ നിങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പിന്തുടരാവുന്ന മറ്റൊരു കോഴ്സ് ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി എഫ് എ) കോഴ്സാണ്. യു എസിലെ CFA ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ കോഴ്സ് ചെയ്യാവുന്നതാണ്. കൂടാതെ സാമ്പത്തിക വിപണികളിൽ വിദഗ്ദ്ധനായി പ്രവർത്തിക്കാൻ അനുവദിക്കും.
യു എസ്, യു കെ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ CFA ചാർട്ടർ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
CFA പൂർത്തിയാക്കിയ ശേഷം, ബ്ലാക്ക്സ്റ്റോൺ, മോർഗൻ സ്റ്റാൻലി, ഗ്രാന്റ്തോൺടൺ, BDO, EY തുടങ്ങിയ ലോകത്തെ ഏറ്റവും പ്രശസ്തമായ ചില കമ്പനികളിൽ ജോലി ചെയ്യാം. സി എഫ് എക്കു ഇന്ത്യയിൽ പരീക്ഷാ സെന്ററുകൾ ഇല്ല. ഗൾഫിലോ യു എസിലോ പോകണം. മേൽ പറഞ്ഞ കോഴ്‌സുകൾക്ക് കൊമേഴ്‌സിന് പുറമേ ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ് ടു ജയിച്ചവർക്കും ചേരാവുന്നതാണ്.