Kerala
പാല്‍ ഉത്പാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി
അടൂര്‍ | നാലു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരളം പാല്‍ ഉത്പാദനത്തില്‍ ഇപ്പോള്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണുള്ളത്. മുമ്പെങ്ങുമില്ലാത്തത്ര പാല്‍ ഉത്പാദനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ജില്ലാ ക്ഷീരസംഗമത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.
കൊവിഡ് കാലഘട്ടത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച വകുപ്പാണ് മില്‍മ. വെള്ളപ്പൊക്കത്തില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും പക്ഷിപ്പനി മൂലം താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. സാധാരണ കര്‍ഷകരെ സഹായിച്ചു കൊണ്ടാണ് വകുപ്പ് മുമ്പോട്ട് പോകുന്നത്. കര്‍ഷകരുടെ ഉത്പാദന ചെലവ് കൂടുതലാണെന്ന് മനസിലാക്കി അവ കുറയ്ക്കുന്നതിനുള്ള ശ്രമം വകുപ്പ് നടത്തി വരികയാണ്. സംസ്ഥാനത്തെ പശുക്കള്‍ക്ക് മുഴുവന്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.