Connect with us

air arabia

എയർ അറേബ്യ യാത്രക്കാർക്ക് ചെക്ക് ഇൻ സൗകര്യം പ്രയോജനപ്പെടുത്താം

വിമാന സമയത്തിന് നാല് മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ ബാഗേജ് സ്വീകരിച്ച് ബോർഡിംഗ് കാർഡ് നൽകും.

Published

|

Last Updated

അബുദബി | തലസ്ഥാന നഗരിയിൽ നിന്നുള്ള യാത്രക്കാർക്ക് 24 മണിക്കൂർ മുൻപ് മുതൽ ചെക്ക് ഇൻ സൗകര്യം ഒരുക്കി എയർ അറേബ്യ. മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിലും അബുദബി എക്സിബിഷൻ സെന്ററിലുമാണ് എയർ അറേബ്യ യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സേവനം ലഭിക്കുന്നത്. വിമാന സമയത്തിന് നാല് മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ ബാഗേജ് സ്വീകരിച്ച് ബോർഡിംഗ് കാർഡ് നൽകും.

മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ അബുദബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ രാവിലെ എട്ട് മുതൽ രാത്രി 12 വരെ  മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അബുദബി എക്സിബിഷൻ സെന്ററിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് സേവനം ലഭിക്കുക. മുസ്സഫ- അബുദബി ഹൈവേയിൽ നിന്ന് നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് എക്സിബിഷൻ സെന്ററിലെ കേന്ദ്രം സ്ഥാപിച്ചത്. ബാഗേജുകൾ നൽകി ബോർഡിംഗ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നത്.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം. മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിശാലവും സൗജന്യവുമായ പാർക്കിംഗ് സൗകര്യം ഇരു കേന്ദ്രങ്ങളിലും ലഭ്യമാണ്. കേരളത്തിലേക്ക് ഏറ്റവും അധികം വിമാന സർവീസുകൾ നടത്തുന്ന എയർ അറേബ്യ, സിറ്റി ചെക്ക് ഇൻ സേവനം ഒരുക്കിയത് മലയാളി യാത്രക്കാർക്ക് ഉപകാരമാകും. കൂടുതൽ വിവരങ്ങൾക്ക്  800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.