Kerala
എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി ; കടുത്ത പ്രതിഷേധവുമായി യാത്രക്കാര്‍
നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി

കൊച്ചി | എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകളാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. അബൂദബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും സര്‍വീസുകള്‍ മുടങ്ങി.
മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് നൂറിലധികം യാത്രക്കാര്‍ പ്രതിസന്ധിയിലായി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം.
കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത് . പുലർച്ചെ ഒരു മണി മുതൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.