National
എയര്‍ ഇന്ത്യ വീണ്ടും ടാറ്റക്ക് സ്വന്തം; കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി | പൊതു മേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനിയായ ടാറ്റക്ക് കൈമാറുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി. എയര്‍ ഇന്ത്യ, ടാറ്റ സണ്‍സിന് കീഴിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ടാറ്റ സണ്‍സിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡാണ് എയര്‍ ഇന്ത്യ ഏറ്റെടുത്തത്. രാജ്യത്തെ വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റക്ക് സ്വന്തമാകും.
ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയര്‍ ഇന്ത്യയെ കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 18,000 കോടി രൂപയായിരുന്നു കമ്പനി ക്വാട്ട് ചെയ്ത തുക. ഒക്ടോബര്‍ 11 ന് താത്പര്യ പത്രം ടാറ്റക്ക് കൈമാറി. ഒക്ടോബര്‍ 25 ന് ഇരു വിഭാഗവും ഓഹരി കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. ഡിസംബര്‍ അവസാനം കൈമാറ്റം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും നടപടികള്‍ നാലാഴ്ച കൂടി നീണ്ടുപോവുകയായിരുന്നു.
കരാര്‍ പ്രകാരം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്്‌സ്പ്രസിന്റെയും മുഴുവന്‍ ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക. ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. 1932 ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജെ ആര്‍ ഡി ടാറ്റയാണ് ഈ വിമാനക്കമ്പനി ആരംഭിച്ചത്. 1946 ല്‍ പേര് എയര്‍ ഇന്ത്യയെന്ന് മാറ്റി. 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിമാനക്കമ്പനിയെ ദേശസാത്കരിക്കുകയും കമ്പനി പൊതുമേഖലാ സ്ഥാപനമായി മാറുകയും ചെയ്തു.