National
വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യ യാത്രക്കാരനെതിരെ അന്വേഷണം
സംഭവം ഗൗരവത്തിൽ എടുക്കുന്നുവെന്നും തെറ്റായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ, ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു

ന്യൂഡൽഹി/മുംബൈ | ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒരു യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോയ AI2336 വിമാനത്തിലാണ് ലജ്ജാകരമായ സംഭവം ഉണ്ടായത്.
വിമാനം ലാൻഡ് ചെയ്യുന്നതിനിടെ 2ഡി സീറ്റിലിരുന്ന തുഷാർ മസന്ദ് എന്ന ഇന്ത്യൻ യാത്രക്കാരൻ തൊട്ടടുത്ത 1ഡി സീറ്റിലിരുന്ന ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹിരോഷി യോഷിസാനയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഹിരോഷി യോഷിസാനെ സംഭവം വിമാന ജീവനക്കാരെ അറിയിച്ച ഉടൻതന്നെ മസന്ദിനെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ജീവനക്കാർ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മുതിർന്ന കാബിൻ ക്രൂ അംഗങ്ങളായ സുൻപ്രീത് സിംഗും ഋഷിക മാത്രേയും ഉടൻതന്നെ യോഷിസാനെയെ സഹായിക്കുകയും ടവലുകൾ നൽകി വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ശുചിമുറിയിൽ പോയി വസ്ത്രം മാറ്റി. സംഭവം ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം മസന്ദ് ഹിരോഷിയോട് ക്ഷമ ചോദിച്ചു. എന്നാൽ, വിമാനമിറങ്ങിയ ശേഷം ഈ വിഷയത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ഹിരോഷി ഔദ്യോഗികമായി പരാതി നൽകിയില്ല.
യാത്രക്കാരന്റെ അച്ചടക്കരഹിതമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതായും ഇത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവം ഗൗരവത്തിൽ എടുക്കുന്നുവെന്നും തെറ്റായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ, ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവും വ്യക്തമാക്കി.
വിമാന ജീവനക്കാർ നിലവിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി അധികൃതർ പറഞ്ഞു. വിഷയം അധികാരികളെ അറിയിച്ചിട്ടുണ്ട്. അച്ചടക്കമില്ലാതെ പെരുമാറിയ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയതിന് പുറമെ, ദുരിതത്തിലായ യാത്രക്കാരന് ബാങ്കോക്കിലെ അധികാരികൾക്ക് പരാതി നൽകാൻ സഹായവും വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് നിരസിക്കപ്പെട്ടുവെന്നും എയർ ഇന്ത്യ അറിയിച്ചു.
ഡിജിസിഎ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും എയർ ഇന്ത്യ പാലിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.