Uae
യു എ ഇ - ഇന്ത്യ സെക്ടറിൽ ബാഗേജ് പരിധി 30 കിലോയായി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ
പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ലഗേജ് പരിധി പുനഃസ്ഥാപിച്ചത്.
ദുബൈ | യു എ ഇ – ഇന്ത്യ സെക്ടറിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയായി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ആഗസ്റ്റ് 19ന് ശേഷം ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന ലഗേജ് 20 കിലോയായി കുറച്ചിരുന്നു. ഇന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ പഴയതുപോലെ 30 കിലോ ബാഗേജ് അനുവദിക്കും. ഇതുസംബന്ധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗിക അറിയിപ്പ് നൽകി.
പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ലഗേജ് പരിധി പുനഃസ്ഥാപിച്ചത്. വർഷത്തിൽ എല്ലാ സമയത്തും ലാഭകരമായ സെക്ടറാണ് യു എ ഇ-ഇന്ത്യ റൂട്ട്. എന്നിട്ടും യാത്രക്കാരെ പരിഗണിക്കാത്ത നിലപാടാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റേതെന്ന് പരാതി ഉയർന്നിരുന്നു.
സൗജന്യ ബാഗേജ് അലവൻസിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞത്. ആഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കരണം കോർപ്പറേറ്റ് വാല്യൂ, കോർപ്പറേറ്റ് ഫ്ലക്സ് എന്നിവക്ക് മാത്രമാണ് ബാധകമെന്ന് എയർലൈൻസ് പറഞ്ഞു.എന്നാൽ എല്ലാ യാത്രക്കാർക്കും 20 കിലോ ബാഗേജ് മാത്രമാണ് ലഭിച്ചിരുന്നത്.