National
വായു മലിനീകരണം വീണ്ടും അപകടകരമായ തോതില്‍; ശക്തമായ നിയന്ത്രണ നടപടികളുമായി ഡല്‍ഹി
അത്യാവശ്യമല്ലാത്തത് ഒഴികെയുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികളെല്ലാം വിലക്കി. ബി എസ്-3 ഉദ്വമന വിഭാഗത്തില്‍ പെടുന്ന പെട്രോള്‍ വാഹനങ്ങളും ബി എസ്-4ല്‍ വരുന്ന ഡീസല്‍ വാഹനങ്ങളും റോഡിലിറക്കരുത്.
ന്യൂഡല്‍ഹി | വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശക്തമായ നിയന്ത്രണ നടപടികള്‍. അത്യാവശ്യമല്ലാത്തത് ഒഴികെയുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികളെല്ലാം വിലക്കിയിട്ടുണ്ട്. ബി എസ്-3 ഉദ്വമന വിഭാഗത്തില്‍ പെടുന്ന പെട്രോള്‍ വാഹനങ്ങളും ബി എസ്-4ല്‍ വരുന്ന ഡീസല്‍ വാഹനങ്ങളും ഡല്‍ഹിയിലെയും ഗുരുഗ്രാം, ഗാസിയാബാദ്, ഫരിദാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നീ ദേശീയ തലസ്ഥാന മേഖല (എന്‍ സി ആര്‍) കളിലെയും റോഡുകളില്‍ ഇറക്കരുതെന്നും നിര്‍ദേശമുണ്ട്.
ഡീസല്‍ ജനറേറ്ററുകള്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തി. നാളെ രാവിലെ എട്ടു മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. പൊടിശല്യം ഇല്ലാതാക്കുന്നതിന് റോഡ് വൃത്തിയാക്കുന്നതും വെള്ളം സ്‌പ്രേ ചെയ്യുന്നതുമായ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഇപ്പോഴത്തെ വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്-എ ക്യു ഐ) അപകടകരമായ നിലയിലാണ്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സി എ ക്യു എം) ആണ് വായു മലിനീകരണ തോത് കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിച്ചത്.