delhi bad air
വായു മലിനീകരണം: സുപ്രീം കോടതി ഇടപെട്ടതോടെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍
ഒരാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണ്‍ പരിഗണനയില്‍
ന്യൂഡല്‍ഹി | വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തിയതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശവും നല്‍കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പരിശോധിച്ചുവരികയാണെന്നും കേജ്രിവാള്‍ പറഞ്ഞു.
മലിനീകരണ നിയന്ത്രണ അധികാരികള്‍ ജനങ്ങള്‍ക്കായി പുതിയ നടപടികളും ജാഗ്രതാ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണം. വാഹന ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു.
വായു മലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാറരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണം കുറ്ക്കാന്‍ എന്ത് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
വായു നിലവാരം മെച്ചപ്പെടുത്താന്‍ തിങ്കളാഴ്ച അടിയന്തര പദ്ധതി അവിഷ്‌കരിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ സ്ഥിതി നിങ്ങള്‍ കാണുന്നില്ല. ഞങ്ങള്‍ വീടുകളില്‍പോലും മാസ്‌ക് ധരിക്കുകയാണ്. അടിയന്തര നടപടികള്‍ എങ്ങനെയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ ആണോ ഉദേശിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചിരുന്നു.