National
ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നു; മലിനീകരണ സൂചിക 385ലെത്തി
മലിനീകരണം കാരണം ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ ഒരാഴ്ച അടച്ചിടും.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ട്. വായുമലിനീകരണ സൂചിക 385 ആണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ ഇത് 500ന് മുകളിലായിരുന്നു. മലിനീകരണം കാരണം ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ ഒരാഴ്ച അടച്ചിടും. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായിരുന്നു. ദീപാവലിക്ക് ശേഷമാണ് ഗുരുതരാവസ്ഥയിലേക്ക് മാറിയത്. ഒരാഴ്ച കൂടി ഈ സ്ഥിതി തുടരുമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കുന്ന സൂചന.
കുട്ടികള്‍ വീടിന് പുറത്തിറങ്ങി മലിനമായ വായു ശ്വസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്. നാല് ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കും. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനങ്ങള്‍. വായു മലിനമായിട്ടും നടപടി സ്വീകരിക്കാതിരുന്നതിന് സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെയും ഡല്‍ഹി സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. വായുമലിനീകരണ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നാളെ കോടതിയെ അറിയിക്കുകയും വേണം.