National
വായു മലിനീകരണം; സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി
ഭാവിയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി| നഗരങ്ങളില്‍ വായു മലിനീകരണ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോടാണ് മലിനീകരണ പ്രശ്നം നേരിടാന്‍ നടപ്പാക്കിയ നടപടികളുടെ വിശദമായ കണക്ക് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സുധാന്‍ഷു ധൂലിയ, പി.കെ. മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരാഴ്ച സമയം നല്‍കി. വിഷയം നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.
ഭാവിയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ മലിനീകരണം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിശദമായ കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടത്.