Editorial
വായു മലിനീകരണം: ഡല്‍ഹിയെ ആര് രക്ഷിക്കും?
ഡല്‍ഹിയിലെ വായു മലിനീകരണത്തിന് പരിഹാരം വൈകുന്നതില്‍ കടുത്ത വിമര്‍ശമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതുകൊണ്ട് പക്ഷേ എന്ത് ഫലം? മുന്‍ വര്‍ഷങ്ങളിലുമുണ്ടായതാണ് കോടതിയില്‍ നിന്ന് ഇതുപോലുള്ള വിമര്‍ശങ്ങള്‍.
വര്‍ഷാവസാനത്തില്‍ ഡല്‍ഹി നിവാസികള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണ് പുകമഞ്ഞും വായു മലിനീകരണവും. ശൈത്യകാലം അടുക്കുമ്പോള്‍ അനുഭവപ്പെട്ടു തുടങ്ങും ഡല്‍ഹിയില്‍ വായു മലിനീകരണം. ഇത്തവണ കൂടുതല്‍ രൂക്ഷമാണ് ഈ പ്രതിഭാസം. അഞ്ഞൂറിന് അടുത്തെത്തിക്കഴിഞ്ഞു വായു നിലവാര സൂചിക. ഐ ക്യു ഐ (വായു നിലവാര സൂചിക) പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരത്തില്‍ വരുന്നത്. 50 മുതല്‍ 100 വരെയുള്ളത് താരതമ്യേന മോശമല്ലാത്ത വിഭാഗത്തിലും 100 മുതല്‍ 200 വരെ ഇടത്തരം വിഭാഗത്തിലും പെടുന്നു. 200 മുതല്‍ 300 മോശം. 300 കടന്നാല്‍ 400 വരെ മലിനീകരണം രൂക്ഷമായ വിഭാഗത്തിലായി. 400 കടന്നാല്‍ അതീവ ഗുരുതരവും മനുഷ്യ ജീവന് അപകടം വരുത്തിവെക്കുന്നതുമായിത്തീരുന്നു. ഡല്‍ഹി ജനത ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് ഈ അവസ്ഥയാണ്. ജനങ്ങള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു രാജ്യതലസ്ഥാനം.
അധികൃതര്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട് ഡല്‍ഹിയില്‍. സ്‌കൂള്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെ എണ്ണം പുകുതിയായി കുറച്ചു. ദിവസവും പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ എന്നാണ് നിര്‍ദേശം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിടം പൊളിക്കലുകള്‍ക്കും നിരോധമേര്‍പ്പെടുത്തി. ഇത് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ക്കും ലഘു വാണിജ്യ വാഹനങ്ങള്‍ക്കും ഡല്‍ഹി തലസ്ഥാന നഗരിയിലേക്ക് പ്രവേശനം നിരോധിച്ചു. അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്കു മാത്രമേ ഇളവുള്ളൂ. സ്വകാര്യ വാഹനങ്ങളെ ഒറ്റ, ഇരട്ട അക്ക നമ്പര്‍ എന്ന നിലയില്‍ ക്രമീകരിക്കുകയും ചെയ്തു.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നത്. ശ്വാസകോശ സംബന്ധമായതും കണ്ണിനെ ബാധിക്കുന്നതുമായ രോഗങ്ങളാണ് കൂടുതല്‍ അനുഭവപ്പെടുന്നത്. 21,000 പേരെ പങ്കെടുപ്പിച്ച് അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം ഡല്‍ഹിയിലെ 65 ശതമാനം കുടുംബങ്ങളിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. 62 ശതമാനം പേര്‍ക്കും കണ്ണ് സംബന്ധമായ അസുഖങ്ങളും. നിരന്തരമായ ചുമ, വിട്ടുമാറാത്ത പനി, കണ്ണില്‍ വെള്ളംനിറയല്‍ തുടങ്ങി വിവിധ രോഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഡല്‍ഹി ജനത. ശ്വാസകോശ സംബന്ധമായ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു ആശുപത്രികള്‍. വിഷലിപ്ത വായുവില്‍ അടങ്ങിയ സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് എന്നിവയാണ് ആളുകളില്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രൂക്ഷമായ തോതിലുള്ള അന്തരീക്ഷ മലിനീകരണം ഒരു വ്യക്തിയുടെ 7-8 വര്‍ഷത്തെ ആയുസ്സ് കുറക്കാനിടയാക്കുമെന്നാണ് ചിക്കാഗോ യൂനിവേഴ്‌സിറ്റി പഠന റിപോര്‍ട്ടില്‍ പറയുന്നത്.
ചപ്പുചവറുകള്‍- കാര്‍ഷിക മാലിന്യങ്ങള്‍- വൈക്കോല്‍ കത്തിക്കല്‍, വലിയ തോതിലുള്ള വിറക് കത്തിക്കല്‍, ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കല്‍ തുടങ്ങിയവയാണ് വായു മലിനീകരണത്തിന് പറയപ്പെടുന്ന കാരണങ്ങള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് ഡല്‍ഹിയെ മോശമായി ബാധിക്കുന്നു. ഡല്‍ഹി മലിനീകരണത്തില്‍ 38 ശതമാനത്തിനും വഴിവെക്കുന്നത് വൈക്കോല്‍ കത്തിക്കലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ പ്രവചന ഏജന്‍സിയായ “സഫറി’ന്റെ വിലയിരുത്തല്‍. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്ന അയല്‍ സംസ്ഥാന കര്‍ഷകരുടെ നടപടിയെ സുപ്രീം കോടതി പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കേണ്ടത് സംസ്ഥാന ഭരണകൂടങ്ങളാണെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, സഞ്ജയ് കിസാന്‍ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വൈക്കോല്‍ കത്തിക്കുകയല്ലാതെ കര്‍ഷകരുടെ മുമ്പില്‍ മറ്റു മാര്‍ഗമില്ല. ഒരു വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവെടുപ്പിന് നിലമൊരുക്കണമെങ്കില്‍ അവര്‍ക്ക് വയലിലുള്ള വൈക്കോല്‍ ഒഴിവാക്കേണ്ടതുണ്ട.് വൈക്കോല്‍ ദീര്‍ഘകാലം അവിടെ കിടന്നാല്‍ അടുത്ത കൃഷിയിറക്കാന്‍ താമസം നേരിടുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഭരണകൂടങ്ങളും ജുഡീഷ്യറിയും വൈക്കോല്‍ പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം കാണണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വൈക്കോല്‍ വളമാക്കി മാറ്റുന്ന പദ്ധതി പരിഗണനയിലുണ്ടെങ്കിലും പ്രായോഗികമാക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്തിടെയായി ഓരോ വര്‍ഷവും കത്തിക്കുന്ന വൈക്കോലിന്റെ തോത് കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണ്. പഞ്ചാബില്‍ 2020ല്‍ വൈക്കോല്‍ കത്തിച്ച 83,002 സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് 2021ല്‍ 71,304 ആയും 2022ല്‍ 49,922 ആയും കുറഞ്ഞിട്ടുണ്ട്.
വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറത്തു വരുന്ന മലിനമായ പുകക്കും നിര്‍മാണ സ്ഥലങ്ങളില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍ക്കുമെല്ലാം ഡല്‍ഹി പ്രശ്‌നത്തില്‍ നല്ല പങ്കുണ്ട്. തലസ്ഥാന നഗരിയിലെ മലിനീകരണത്തിന്റെ കാരണങ്ങളില്‍ പകുതിയോളം ഇത്തരം പ്രാദേശിക സ്രോതസ്സുകളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വായു മലിനീകരണം കുറക്കുന്നതിനായി സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പൊതുഗതാഗത മേഖലയില്‍ സി എന്‍ ജി വാഹനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തെങ്കിലും മലിനീകരണത്തിന് കുറവ് സംഭവിക്കുന്നില്ല.
ഡല്‍ഹിയിലെ വായു മലിനീകരണത്തിന് പരിഹാരം വൈകുന്നതില്‍ കടുത്ത വിമര്‍ശമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതുകൊണ്ട് പക്ഷേ എന്ത് ഫലം? മുന്‍ വര്‍ഷങ്ങളിലുമുണ്ടായതാണ് കോടതിയില്‍ നിന്ന് ഇതുപോലുള്ള വിമര്‍ശങ്ങള്‍.