National
ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍
നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) രാവിലെ എട്ടിന് 401 ആയിരുന്നു.

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. താപനിലയും രാത്രിയിലെ കാറ്റിന്റെ വേഗതയും കുറഞ്ഞതോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം വെള്ളിയാഴ്ച വീണ്ടും ഗുരുതരമായി. നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) രാവിലെ എട്ടിന് 401 ആയിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം നാലിന് രേഖപ്പെടുത്തിയ 24 മണിക്കൂര്‍ ശരാശരി എക്യുഐ, വ്യാഴാഴ്ച 390 ആയിരുന്നു. പൂജ്യത്തിനും 50 നും ഇടയിലാണെങ്കില്‍ വായു നിലവാര സൂചിക മികച്ചത് എന്നാണ് കണക്കാക്കുക. 51 നും 100 നും ഇടയിലാണെങ്കില്‍ തൃപ്തികരമെന്നും 101 നും 200 നും ഇടയില്‍ ഇടത്തരം, 201 നും 300 നും ഇടയില്‍ മോശം, 301 നും 400 നും ഇടയില്‍ വളരെ മോശം, 401 നും 500 നുമിടയില്‍ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുക.
പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി വികസിപ്പിച്ച വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, അടുത്ത അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ മലിനീകരണ തോത് വര്‍ധിക്കാനാണ് സാധ്യത.