From the print
ആകാശക്കൊള്ള തുടർന്ന് കന്പനികൾ; വിമാന നിരക്കിൽ മൂന്നിരട്ടി വർധന
ഗൾഫിലെ മധ്യവേനലവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ പതിവുപോലെ ഇക്കുറിയും വൻ വർധന. നിലവിലുള്ള ടിക്കറ്റിനേക്കാൾ 200 ശതമാനത്തിലധികമാണ് വർധനവ്
നെടുമ്പാശ്ശേരി | ഗൾഫിലെ മധ്യവേനലവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ പതിവുപോലെ ഇക്കുറിയും വൻ വർധന. നിലവിലുള്ള ടിക്കറ്റിനേക്കാൾ 200 ശതമാനത്തിലധികമാണ് വർധനവ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കുത്തനെ വർധിപ്പിച്ചത്.
ചുരുങ്ങിയത് നാല് പേരടങ്ങുന്ന കുടുംബത്തിന് പോയിവരണമെങ്കിൽ ഒരു വർഷത്തെ സമ്പാദ്യം മതിയാകില്ലെന്നാണ് പ്രവാസികൾ പറയുന്നത്. സഊദിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 12,000 രൂപ ആയിരുന്നു. ഇത് വർധിച്ച് ഇപ്പോൾ സഊദിയിൽ നിന്ന് കൊച്ചിയിലേക്ക് 38,684 രൂപയും കോഴിക്കോട്ടേക്ക് 41,864 രൂപയുമായി. തിരുവനന്തപുരത്തേക്ക് 39,847, കണ്ണൂരിലേക്ക് 44,586 എന്നിങ്ങനെയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു.
അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വലിയ വർധനവുണ്ട്. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള 10,650 രൂപ ടിക്കറ്റ് നിരക്ക് 30,065 രൂപയായി ഉയർന്നു. അബൂദബി- കണ്ണൂർ- 34,805, കോഴിക്കോട്-32,535, തിരുവനന്തപുരം-28,091 എന്നിങ്ങനെയാണ് വർധിപ്പിച്ച നിരക്ക്.
ദുബൈയിൽ നിന്നും കൊച്ചിയിലേക്ക് 12,000 രൂപയായിരുന്ന ടിക്കറ്റിന് 29,600 മുതൽ 30,880 വരെ വർധനവുണ്ട്. ഷാർജയിൽ നിന്നും കേരളത്തിലേക്കുള്ള നിരക്ക് 30,000 മുതൽ 34,100 രൂപ വരെയായി വർധിച്ചിട്ടുണ്ട്. ആഗസ്റ്റ് ആദ്യ ആഴ്ച വരെയാണ് ടിക്കറ്റ് നിരക്ക് വർധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. വിമാന കമ്പനികളുടെ പകൽക്കൊള്ള മൂലം നാല് പേരുള്ള ഒരു കുടുംബത്തിന് നാട്ടിലേക്ക് വരാൻ ടിക്കറ്റിന് ഒരു ലക്ഷത്തിലധികം രൂപ വരെ ഇനി അധികം ചെലവഴിക്കേണ്ടി വരും.
പ്രവാസികൾ തിരിച്ചുപോകുന്ന സെപ്തംബർ, ഒക്ടോബർ മാസങ്ങളിലും ഇതേ നിരക്കിൽ ടിക്കറ്റ് വർധനവ് പ്രഖ്യാപിക്കാറുണ്ട്. വിമാന കമ്പനികളുടെ അനിയന്ത്രിതമായ നടപടിക്കെതിരെ കഴിഞ്ഞ വർഷം പ്രവാസി മലയാളികളുടെ സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും അവധിക്കാലത്ത് നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരാണ്.
എന്നാൽ, പൊള്ളുന്ന ടിക്കറ്റ് നിരക്കുമൂലം പലരുടെയും യാത്ര അനിശ്ചിതത്വത്തിലാണ്. പ്രവാസികളുടെ വരവു പ്രതീക്ഷിച്ചാണ് കുടുംബങ്ങളിൽ വിവാഹമടക്കമുള്ള വിശേഷ ചടങ്ങുകൾ തീരുമാനിക്കുന്നത്. ഇതും സാധാരണക്കാരായ പ്രവാസികളെ ധർമസങ്കടത്തിലാക്കുന്നു. ചിലർ അവധി മുന്നിൽക്കണ്ട് മുൻകൂട്ടി ടിക്കറ്റെടുത്തിരുന്നുവെങ്കിലും നിരക്കിൽ കാര്യമായ കുറവൊന്നും അവർക്കും ലഭിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിച്ചെങ്കിലും സീസൺ അനുസരിച്ചുള്ള നിരക്കുവർധന ഇപ്പോഴും തുടരുകയാണ്.