National
എയര്‍ ഇന്ത്യയില്‍ പുകവലിച്ചു; പിഴ അടയ്ക്കില്ല, ജയിലില്‍ പോകാമെന്ന് പ്രതി
പിഴയായി 25,000 രൂപ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
മുംബൈ| എയര്‍ ഇന്ത്യ വിമാനത്തില്‍ അപമര്യാദയായി പെരുമാറുകയും പുകവലിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇയാള്‍ ചെയ്ത കുറ്റത്തിന് പിഴയായി 25,000 രൂപ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുവാവിനെ മുംബൈ കോടതി ജയിലിലേക്ക് അയച്ചു.
പ്രതി രത്‌നാകര്‍ ദ്വിവേദിക്ക് കോടതി ക്യാഷ് ജാമ്യം അനുവദിച്ചു. എന്നാല്‍ തുക നല്‍കാന്‍ വിസമ്മതിക്കുകയും താന്‍ ജയിലിലേക്ക് പോകാന്‍ തയാറാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു.
മാര്‍ച്ച് 10 ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്ന് പുകവലിക്കുകയും അനാശാസ്യമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഐപിസി സെക്ഷന്‍ 336 പ്രകാരം അടയ്ക്കേണ്ട പിഴ 250 രൂപയാണെന്ന് താന്‍ ഓണ്‍ലൈനില്‍ വായിച്ചതായി പ്രതി കോടതിയെ അറിയിച്ചു. അത് അടയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
വിമാനത്തിന്റെ ശുചിമുറിയില്‍ യാത്രക്കാരന്‍ പുകവലിക്കുന്നതായി കണ്ടെത്തിയതായും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നെന്നും എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. പ്രതി വിമാനത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും എല്ലാ യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ പെരുമാറിയിരുന്നതായും മുംബൈ പൊലീസ് വ്യക്തമാക്കി.