Uae
എയർ ടാക്സി സേവനങ്ങൾ അടുത്ത വർഷം ആരംഭത്തിൽ; 400 പരീക്ഷണ പറക്കലുകൾ നടത്തി
ഷെഡ്യൂളിനേക്കാൾ നാല് മാസം മുമ്പ് പ്രവർത്തനം ആരംഭിക്കാൻ സാധ്യമാകുമെന്നാണ് കണക്കു കൂട്ടൽ.
ദുബൈ | യു എ ഇ യിൽ എയർ ടാക്സി സേവനങ്ങൾ അടുത്ത വർഷം ആരംഭത്തിൽ ലഭ്യമാകും. ഈ വർഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ “മിഡ്നൈറ്റ്’ 400-ലധികം പരീക്ഷണ പറക്കലുകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാൻ കഴിയുന്നതാണ് മിഡ്നൈറ്റ്. ദുബൈക്കും അബൂദബിക്കും ഇടയിൽ വെറും 10-20 മിനിറ്റ് കൊണ്ട് എത്താം. യാത്രക്ക് ഏകദേശം 800 ദിർഹം മുതൽ 1,500 ദിർഹം ചെലവ് വരും. ദുബൈക്കുള്ളിലെ യാത്രക്ക് ഏകദേശം 350 ദിർഹം ആണ് വേണ്ടി വരിക. ഷെഡ്യൂളിനേക്കാൾ നാല് മാസം മുമ്പ് പ്രവർത്തനം ആരംഭിക്കാൻ സാധ്യമാകുമെന്നാണ് കണക്കു കൂട്ടൽ.
2025 ൽ യു എ ഇയിൽ എയർ ടാക്സികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ലംബ താവളങ്ങൾ നിർമിക്കുന്നതിനും അബൂദബിയിൽ മിഡ്നൈറ്റ് വിമാനങ്ങൾ നിർമിക്കുന്നതിനും യു എ ഇയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്നതിനുമുള്ള കരാറുകളിൽ ഈ വർഷമാദ്യം യു എ ഇ കമ്പനികളുമായി ആർച്ചർ ഒപ്പുവച്ചുവെന്ന് സി ഇ ഒയും സ്ഥാപകനുമായ ആദം ഗോൾഡ്സ്‌റ്റൈൻ പറഞ്ഞു.
വിമാനത്തിന്റെ ഭാരം, വൈബ്രേഷനുകൾ, പ്രകടനം, കൈകാര്യം ചെയ്യൽ, ഗുണങ്ങൾ എന്നിവ വിലയിരുത്തപ്പെട്ടു. പരിഷ്‌കരിക്കുന്നതിന് ഇവ ഉപയോഗിക്കും. പരീക്ഷണത്തിനായി നിരവധി പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. യു എസിലെ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. നോയ്സ് സിഗ്നേച്ചർ കൂടുതൽ വിലയിരുത്തുന്നതിനും ട്യൂൺ ചെയ്യുന്നതിനുമായി വിവിധ മൈക്രോഫോൺ അറേകൾ ഉപയോഗിച്ച് ഹോവർ പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ പരമ്പര നടത്തുന്നു.