Uae
എയര്‍ ടാക്‌സികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകും
നഗരത്തിനുള്ളിലെ യാത്രക്ക് 300 ദിര്‍ഹം മുതല്‍ 350 ദിര്‍ഹം വരെയും മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രക്ക് 800 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെയുമായിരിക്കും.
ദുബൈ| നിരക്കിന്റെ കാര്യത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ക്ക് ഉദാര സമീപനമായിരിക്കുമെന്ന് കമ്പനികള്‍. നഗരത്തിനുള്ളിലെ യാത്രക്ക് 300 ദിര്‍ഹം മുതല്‍ 350 ദിര്‍ഹം വരെയും മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രക്ക് 800 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെയുമായിരിക്കും. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് സേവനം തേടാം. ഗ്രൗണ്ട് അധിഷ്ഠിത ബദലുകളുമായി ‘മത്സരം’ നടത്തുക എന്നതാണ് എയര്‍ ടാക്സികളുടെ ദീര്‍ഘകാല ലക്ഷ്യം. കാലിഫോര്‍ണിയ ആസ്ഥാനമായുള്ളതാണ് ജോബി ഏവിയേഷന്‍. 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ജോബി ഏവിയേഷന്‍ യു എ ഇ ജനറല്‍ മാനേജര്‍ ആന്റണി ഖൂരി പറഞ്ഞു.
അബൂദബിയില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മറ്റൊരു എയര്‍ ടാക്‌സി കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ നിരക്ക് തീരുമാനിച്ചിട്ടില്ല. എന്നാല്‍ കനത്ത നിരക്കുണ്ടാവില്ല. ‘തങ്ങളുടെ ദീര്‍ഘകാലലക്ഷ്യം സമാനമായ ഗ്രൗണ്ട് അധിഷ്ഠിത ബദലുകളുടെ നിരക്കുമായി മത്സരിക്കുന്ന ഒരു സേവനം വാഗ്ദാനം ചെയ്യുക എന്നതാണ്. ഹെലികോപ്റ്റര്‍ യാത്രയേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അന്തരീക്ഷ മലിനീകരണത്തിന് സാധ്യത ഇല്ലാത്തതുമാണ്. ഒരു സമര്‍പ്പിത സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനിലൂടെ ജോബി ഏവിയേഷന്റെ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ കഴിയും.’ ഖൂരി പറഞ്ഞു.
ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിംഗ് (ഇ വി ടി ഒ എല്‍) ആണ് ടാക്‌സികള്‍ നടത്തുക. വെര്‍ട്ടിപോര്‍ട്ടുകളാണ് താവളം. അവ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിച്ചു. ഈ സേവനത്തിന് ദുബൈയില്‍ മെട്രോയും ബസും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി കൂടിച്ചേരാന്‍ കഴിയും. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ആദ്യ ഫ്‌ലയിംഗ് സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു. പ്രതിവര്‍ഷം 170,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ വെര്‍ട്ടിപോര്‍ട്ടിന് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
പാം ജുമൈറ, ദുബൈ ഡൗണ്‍ടൗണ്‍, ദുബൈ മറീന എന്നിവിടങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നു. ഓരോ എയര്‍ ടാക്സിയിലും നാല് യാത്രക്കാര്‍ക്കും ഒരു പൈലറ്റിനും ഇരിക്കാം. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചാരം സാധ്യമാകും. മണിക്കൂറില്‍ 321 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകുമെന്നും കമ്പനി അറിയിച്ചു.ദുബൈ വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രാസമയം 10-12 മിനിറ്റായിരിക്കും.