Connect with us

Uae

വിമാന ടിക്കറ്റിന് അമിത നിരക്ക്; പ്രവാസികള്‍ നാട്ടില്‍ കുടുങ്ങി

നാല് മണിക്കൂറിലെത്തുന്ന ഗള്‍ഫ് മേഖലയിലേക്ക് എട്ടുമണിക്കൂര്‍ സഞ്ചരിച്ചാലെത്തുന്ന യൂറോപ്യന്‍ നഗരങ്ങളിലേക്കാള്‍ കൂടുതല്‍ നിരക്കാണ് ഈടാക്കുന്നത്.

Published

|

Last Updated

അബൂദബി |  അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ വിമാന ടിക്കറ്റിന്റെ അമിത നിരക്ക് കാരണം കടല്‍ കടക്കാനാകാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ക്ക് പുറമെ സമീപ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. ഭാര്യയും കുട്ടികളുമായി കുടുംബ സമേതം നാട്ടില്‍ പോയവരാണ് ജോലി സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ കഴിയേണ്ടി വരുന്നത്. കണ്ണൂര്‍- മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും ദുബൈ, അബൂദബി, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് 25,000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. രണ്ട മക്കളും അച്ഛനും അമ്മയും അടങ്ങിയ ഒരു കുടുംബത്തിന് ഗള്‍ഫിലേക്ക് തിരിച്ചു വരണമെങ്കില്‍ ഒരു ലക്ഷത്തിന് മുകളില്‍ ചെലവഴിക്കണം.

വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രവാസികള്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അമിത നിരക്ക് കാരണം തിരിച്ചു വരന്‍ കഴിയാതെ നിരവധി കുടുംബങ്ങളാണ് നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. യു എ ഇ യെ അപേക്ഷിച്ചു സൗദി, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ നിരക്ക് ഈടാക്കുന്നത്. കുവൈറ്റിലേക്ക് മംഗലാപുരത്ത് നിന്നും കണ്ണൂരില്‍ നിന്നും 30,000 രൂപയാണ് ടിക്കറ്റ് നിരക്ക്. നാല് മണിക്കൂറിലെത്തുന്ന ഗള്‍ഫ് മേഖലയിലേക്ക് എട്ടുമണിക്കൂര്‍ സഞ്ചരിച്ചാലെത്തുന്ന യൂറോപ്യന്‍ നഗരങ്ങളിലേക്കാള്‍ കൂടുതല്‍ നിരക്കാണ് ഈടാക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രവാസി സംഘടനകള്‍ വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ മൗനം പാലിക്കുകയാണ്. വിമാന ടിക്കറ്റ് താങ്ങാന്‍ കഴിയാത്ത കാരണം പലരും ഒരു ദിവസത്തോളം സഞ്ചരിച്ചു ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

മറ്റുള്ള സമയങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവാസികള്‍ കൂടുതല്‍ ലീവിന് നാട്ടില്‍ പോകുന്ന സമയങ്ങളിലും ഉത്സവ സമയങ്ങളിലുമാണ് കൂടുതല്‍ നിരക്ക് ഈടാക്കുന്നത്. പ്രവാസി മലയാളികളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണുന്നതിന് കേരളം ആസ്ഥാനമായി കേരളം എയര്‍ലൈന്‍ ആരംഭിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.