From the print
മാനം മുട്ടി വിമാന ടിക്കറ്റ് നിരക്ക്; പ്രവാസികളുടെ മടക്ക യാത്രയിൽ കൈപൊള്ളും
വാരാന്ത്യ അവധി ഉൾപ്പെടെ ഒമ്പത് ദിവസം തുടർച്ചയായി ഒഴിവ് ലഭിച്ചതിനാലും പെരുന്നാളിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലും നാട്ടിൽ പെരുന്നാൾ കൂടാൻ പോയത് നിരവധി പ്രവാസി മലയാളികളാണ്.

മസ്‌കത്ത് | കേരള സെക്ടറുകളിൽ നിന്ന് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു. ചെറിയ പെരുന്നാൾ ആഘോഷത്തിനായി നാടണഞ്ഞവരുടെ മടക്ക യാത്രകളിൽ കൈപൊള്ളിക്കുന്നതാണ് നിലവിലെ നിരക്ക്. വാരാന്ത്യ അവധി ഉൾപ്പെടെ ഒമ്പത് ദിവസം തുടർച്ചയായി ഒഴിവ് ലഭിച്ചതിനാലും പെരുന്നാളിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലും നാട്ടിൽ പെരുന്നാൾ കൂടാൻ പോയത് നിരവധി പ്രവാസി മലയാളികളാണ്.
വാരാന്ത്യ അവധികളും കഴിഞ്ഞ് ഈ മാസം ആറ് ഞായറാഴ്ചയാണ് ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവൃത്തിദിനം പുനരാരംഭിക്കുക. എന്നാൽ, വരും ദിവസങ്ങളിൽ ബജറ്റ് വിമാനങ്ങളിൽ ഉൾപ്പെടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ നിന്നും മസ്‌കത്തിലേക്കും സലാലയിലേക്കുള്ള നിരക്കുകൾ സാധാരണ നിരക്കിനെക്കാൾ രണ്ടും മൂന്നും ഇരട്ടിയാണ്. ചില ദിവസങ്ങളിൽ ചില സെക്ടറുകളിൽ 100 റിയാലിന് (22,000 രൂപക്ക് മുകളിൽ) മുകളിലാണ് ടിക്കറ്റിന് ചെലവ് വരുന്നത്.
ഏപ്രിൽ നാലിന് കോഴിക്കോട് നിന്ന് മസ്‌കത്തിലെത്താൻ എയർ ഇന്ത്യ എക്സ്പ്രസ്സിൽ 88 റിയാൽ (19,500 രൂപ) നൽകണം. തൊട്ടടുത്ത ദിവസം നിരക്ക് 121 റിയാലായി ഉയരും. കൊച്ചിയിൽ നിന്ന് ഏപ്രിൽ നാലിനും അഞ്ചിനും 111 റിയാലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് ഏപ്രിൽ അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിലെല്ലാം 104 റിയാലാണ് നിരക്ക്. കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്ക് 68 റിയാൽ മുതൽ 78 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ.
കൊച്ചിയിൽ നിന്ന് സലാലയിലെത്താൻ 116 ടിക്കറ്റിന് 116 റിയാൽ നൽകണം. കോഴിക്കോട് നിന്ന് സലാലയിലേക്ക് 82 റിയാലുമാണ് നിരക്ക്. മറ്റു എയർലൈനുകളിൽ നിരക്ക് ഇവയിലും കൂടുതലാണ്. തൊട്ടടുത്ത ദിസങ്ങളിലും നേരിയ കുറവ് മാത്രമാണുള്ളത്. കേരള സെക്ടറുകളിൽ നിന്ന് ഒമാൻ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ഏപ്രിൽ രണ്ടാം വാരത്തിലേക്ക് കടക്കണം.
നാട്ടിൽ സ്‌കൂൾ അവധിക്കാലം ആരംഭിച്ചതിനാൽ ഒമാനിൽ പ്രവാസികളായ കുടുംബ നാഥൻമാർക്കരിലേക്ക് വരുന്ന കുടുംബങ്ങൾ നിരവധിയാണ്. ഇതും ടിക്കറ്റ് നിരക്കുയരാൻ കാരണമാണ്. ചിലർ പെരുന്നാളിന് മുമ്പേ എത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കൂടുംബങ്ങളും നാട്ടിലെ പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷമാണ് യാത്ര തിരിക്കുന്നത്. ഇന്നലെയും ഒമാനിലെത്തിയ വിമാനങ്ങളിൽ നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു. കുടുംബങ്ങളെ കൂട്ടിവരുന്ന പ്രവാസികളും ഏറെയുണ്ട്.