Connect with us

traffic fine

കുവൈത്തിൽ ട്രാഫിക് പിഴ അടക്കാത്ത പ്രവാസികളുടെ വിമാന യാത്ര മുടങ്ങി

ഇതിനെ തുടർന്ന് ഇവർക്ക് യാത്ര റദ്ദാക്കി താമസസ്ഥലത്തേക്ക് തിരികെ പോരേണ്ടി വന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാതെ വിദേശ യാത്രക്കൊരുങ്ങിയ പ്രവാസികളെ വിമാനത്താവളത്തിൽ തടഞ്ഞു. പിഴ കുടിശ്ശികയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമം നടപ്പാക്കിയ ആദ്യ ദിവസം 10 പേരുടെ യാത്രയാണ് മുടങ്ങിയത്. ഇതിനെ തുടർന്ന് ഇവർക്ക് യാത്ര റദ്ദാക്കി താമസസ്ഥലത്തേക്ക് തിരികെ പോരേണ്ടി വന്നു.

അതേസമയം, ആദ്യ ദിവസം 405 ഗതാഗത നിയമ ലംഘന കേസുകളിലായി 31,000 ദീനാർ  പിഴ ഈടാക്കി. നിലവിൽ വിവിധ ഗതാഗത നിയമലംഘനങ്ങളിൽ അഞ്ച് കോടിയോളം ദീനാറാണ് വിദേശികളിൽ നിന്ന് സർക്കാറിന് ലഭിക്കാനുള്ളത്. വിദേശികൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പിഴകളും  അടയ്ക്കണമെന്ന നിയമം ആഗസ്റ്റ് 18 മുതലാണ് നടപ്പിൽവരുത്തിയത്.

 രാജ്യത്തിന്റെ വ്യോമ, കര, സമുദ്ര അതിർത്തികൾ വഴി യാത്ര ചെയ്യുന്ന എല്ലാ വിദേശികൾക്കും തീരുമാനം ബാധകമാണ്. ഗതാഗത പിഴകൾ കുവൈത്ത് അന്തർ ദേശീയ വിമാനത്താവളം, കര അതിർത്തി കവാടങ്ങൾ, ഓരോ ഗവർണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന ഗതാഗത വിഭാഗം  ആസ്ഥാനങ്ങൾ, ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് പോർട്ടൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌ത ഏതെങ്കിലും  വകുപ്പുകൾ എന്നിവ മുഖേനെ പിഴ അടക്കാം.

ഇബ്രാഹിം വെണ്ണിയോട്

Latest