Connect with us

Gulf

പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളുടെ കീശ കീറാൻ വിമാന കമ്പനികൾ

ഖത്വറിലേക്കുള്ള ചാർജിൽ മൂന്നിരട്ടി വർധന. കണ്ണൂരിൽ നിന്ന് പറന്നാൽ ആശ്വാസം

Published

|

Last Updated

കോഴിക്കോട് | പെരുന്നാൾ കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്നവരെ കാത്ത് പൊള്ളുന്ന വിമാന ചാർജ്. കോഴിക്കോട്- ജിദ്ദ സെക്ടറിൽ ഈ മാസം 29ന് രേഖപ്പെടുത്തിയിരിക്കുന്നത് 49,397 രൂപയാണ്. സാധാരണഗതിയിൽ 25,000 രൂപ വരെയാണ് മാക്‌സിമം വിമാന ചാർജ് ഈടാക്കിയിരുന്നത്. ഇതേ സെക്ടറിൽ എയർ ഇന്ത്യാ എക്‌സ്പ്രസ്സ് രേഖപ്പെടുത്തിയിരിക്കുന്നത് 50,807 രൂപയാണ്.

പൊള്ളുന്ന വിമാന ചാർജിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പൊറുതിമുട്ടുകയാണ് ഖത്വർ പ്രവാസികൾ. പെരുന്നാളിന് മുമ്പ് ഖത്വറിൽ നിന്ന് കോഴിക്കോട്ടെത്തണമെങ്കിൽ 35,000 രൂപയോളം നൽകണം. മടക്കയാത്രക്ക് ഖത്വർ എയർവേയ്സ് രേഖപ്പെടുത്തിയ ചാർജ് 39,626 രൂപയുമാണ്.
കൊവിഡിന് ശേഷം ഖത്വറിലേക്കുള്ള ചാർജ് മൂന്നിരട്ടിയായാണ് വർധിച്ചത്. 10,000 രൂപക്ക് താഴെയായി ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തുന്നവർ പെരുന്നാൾ തലേന്ന് നൽകേണ്ടത് 16,147 രൂപയാണ്. മടക്ക യാത്രക്കാണെങ്കിൽ 19,933 രൂപയും. കുടുംബ സമേതം യാത്ര തിരിക്കുന്ന പ്രവാസികളാണ് വൻ ചാർജ് വർധനയിൽപ്പെട്ട് വലയുന്നത്. നാലംഗ കുടുംബത്തിന് പെരുന്നാൾ നാട്ടിലാഘോഷിച്ച് മടങ്ങണമെന്നുണ്ടെങ്കിൽ പെടാപാട് തന്നെ. ഫ്ലൈറ്റുകളുടെ എണ്ണം കുറഞ്ഞതും ചാർജ് വർധനക്ക് കാരണമായിട്ടുണ്ട്.

എയർ അറേബ്യ, ഫ്ലൈ ദുബൈ, ഇൻഡിഗോ കമ്പനികളെല്ലാം ഫ്ലൈറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നുള്ള വിമാനങ്ങളുടെ എണ്ണമാണ് പ്രധാനമായും കുറഞ്ഞത്.

എന്നാൽ, കണ്ണൂരിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന ചാർജിൽ അൽപ്പം ആശ്വാസമുണ്ട്. കൂടാതെ, കണക്‌ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവർക്കും ചാർജിൽ ചെറിയ മാറ്റം ലഭിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest