Uae
യു എ ഇക്കും സഊദിക്കുമിടയില്‍ എയര്‍ലൈന്‍ ഫ്‌ലൈനാസ് പുതിയ റൂട്ടുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു
2030-ഓടെ 33 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളും.

ദുബൈ | ലോകത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ എയര്‍ലൈന്‍ ഫ്‌ലൈനാസ്, സെപ്തംബര്‍ ആദ്യം സഊദി അറേബ്യക്കും യു എ ഇക്കും ഇടയില്‍ ഒരു കൂട്ടം പുതിയ റൂട്ടുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. യു എ ഇയില്‍ ശൃംഖല വിപുലീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. സഊദിയെ 250 രാജ്യാന്തര താവളങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. നാല് പ്രധാന യു എ ഇ വിമാനത്താവളങ്ങളിലേക്ക് സേവനം ഉണ്ടാകും.
2030-ഓടെ 33 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളും. പ്രതിവര്‍ഷം 15 കോടി വിനോദസഞ്ചാരികള്‍ക്ക് ആതിഥ്യമരുളും. രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പില്‍ഗ്രിംസ് എക്സ്പീരിയന്‍സ് പ്രോഗ്രാം നടപ്പാക്കും. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളില്‍ നിന്ന് നിലവില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഫ്‌ലൈനാസ്, ദുബൈ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡി ഡബ്ല്യു സി), അബൂദബിയിലെ ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എ യു എച്ച്), ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് ലക്ഷ്യസ്ഥാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കും.
സെപ്തംബര്‍ ഒന്നിന്, റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദുബൈ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അബൂദബി ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും ഫ്‌ലൈറ്റുകള്‍ ആരംഭിക്കും. അതേ ദിവസം തന്നെ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് (എം ഇ ഡി) ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (എസ് എച്ച് ജെ) മറ്റൊരു റൂട്ട് ആരംഭിക്കും.
അടുത്ത ദിവസം, സെപ്തംബര്‍ രണ്ടിന്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (എം ഇ ഡി) നിന്ന് അബൂദബിയിലെ ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (എ യു എച്ച്) മറ്റൊരു റൂട്ട് ആരംഭിക്കും. ഈ വമ്പിച്ച വിപുലീകരണം, രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ഫ്‌ലൈനാസ് ഫ്‌ലൈറ്റുകളുടെ ആവൃത്തി 20-ലധികം പ്രതിദിന ഫ്‌ലൈറ്റുകളായി വര്‍ധിപ്പിച്ചുകൊണ്ട് യു എ ഇയിലെ പ്രധാന നാല് വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന ഏക കെ എസ് എ എയര്‍ലൈനായി ഫ്‌ലൈനാസിനെ മാറ്റും.
കഴിഞ്ഞ ജൂലൈയില്‍, ഫ്ലൈനാസ് എയര്‍ബസില്‍ നിന്ന് 30 വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ 160 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. വിമാന വാങ്ങല്‍ ഓര്‍ഡറുകള്‍ 280 വിമാനങ്ങളായി ഉയര്‍ത്തി. മേഖലയിലെ ഏറ്റവും വലിയ വിമാന വാങ്ങല്‍ ഓര്‍ഡറുകളിലൊന്നായി ഇതിനെ മാറ്റി. നിലവില്‍ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളെ 1500-ലധികം പ്രതിവാര വിമാനങ്ങളിലൂടെ ബന്ധിപ്പിക്കുന്നു.