Kerala
വിമാനത്താവള റണ്‍വേ വികസനം: ഭൂമി ഏറ്റെടുക്കല്‍ സര്‍വേ പൂര്‍ത്തിയായി
ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും ഉടന്‍ അന്തിമ തീരുമാനമുണ്ടാകും.
മലപ്പുറം | കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ സര്‍വേ പൂര്‍ത്തിയായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തികളും നിശ്ചയിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും ഉടന്‍ അന്തിമ തീരുമാനമുണ്ടാകും.
നെടിയിരുപ്പ് വില്ലേജില്‍ നിന്ന് ഏഴര ഏക്കറും പള്ളിക്കല്‍ വില്ലേജില്‍ നിന്നും ഏഴ് ഏക്കറുമാണ് റണ്‍വേ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തിയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തി നിശ്ചയിച്ചത്. വീടുകള്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. കൃഷി വിളകളുടെ നഷ്ടം കൃഷി വകുപ്പും മരങ്ങളുടെ വില വനം വകുപ്പും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും നിശ്ചയിക്കുകയും ഇത് ക്രോഡീകരിച്ച ശേഷം ഓരോ കുടുംബത്തിനും ആകെ എത്ര നഷ്ടപരിഹാര തുകയാണ് ലഭിക്കുകയെന്നും അറിയിക്കും.
നിലവില്‍ തീരുമാനിച്ച നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന ആവശ്യം ഭൂമി നഷ്ടപ്പെടുന്നവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതോടെ വഴി നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ബദല്‍ യാത്രാ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.