International
വ്യോമാക്രമണം: ഇറാൻ - പാക് നയതന്ത്ര ബന്ധം വഷളായി; ഇറാൻ അംബാസഡറെ പാക്കിസ്ഥാൻ പുറത്താക്കി; ഇറാനിലെ പാക് അംബാസഡർമാരെ തിരിച്ചുവിളിച്ചു
പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ പ്രകോപനമില്ലാതെ ഇറാൻ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ തത്വങ്ങളുടെയും ലംഘനമാണെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി | പാകിസ്ഥാനു മേൽ ഇറാൻ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. ഇറാനിലെ നയതന്ത്ര പ്രതിനിധികളെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു. പാക്കിസ്ഥാനിലെ ഇറാൻ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തു. നിലവിൽ ഇറാനിൽ കഴിയുന്ന സ്ഥാനപതിയോട് രാജ്യത്തേക്ക് മടങ്ങേണ്ടതില്ലെന്ന് പാക്കിസ്ഥാൻ നിർദേശം നൽകി.
പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ പ്രകോപനമില്ലാതെ ഇറാൻ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ തത്വങ്ങളുടെയും ലംഘനമാണെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിയമവിരുദ്ധമായ ഈ പ്രവൃത്തി ഒരുകാരണത്താലും അംഗീകരിക്കാനാവില്ലെന്നും ഇതിന് ന്യായീകരണമില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഈ നിയമവിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കാനുള്ള അവകാശം പാക്കിസ്ഥാനുണ്ട്. പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം പൂർണമായും ഇറാനാണെന്നും പാകിസ്ഥാൻ പറഞ്ഞു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജയ്ഷ് അൽ അദ്ൽ ഭീകര സംഘടനയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജെയ്ഷ്-അൽ-അദ്ൽ ഭീകരസംഘം തങ്ങളുടെ സുരക്ഷാ സേനയെ ആക്രമിക്കാൻ പാകിസ്ഥാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്നും ബലൂചിസ്ഥാനിലെ അതിർത്തി പട്ടണമായ പഞ്ച്ഗൂരിൽ താവളമുണ്ടെന്നും ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം, തെക്ക്-കിഴക്കൻ പ്രവിശ്യയായ സിസ്റ്റാൻ-ബാലുചെസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിൽ രാത്രിയിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 11 ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അൽ-അദ്ലാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. പഞ്ച്ഗൂരിന് സമീപം പാകിസ്ഥാൻ അതിർത്തിവഴിയാണ് ഭീകരർ ഇറാനിലേക്ക് കടന്നതെന്നാണ് ഇറാൻ ആരോപിക്കുന്നത്.
ഫലസ്തീൻ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇതിനകം തന്നെ സംഘർഷഭരിതമാണ്. ഇതിനിടയിൽ ഇറാൻ നടത്തിയ ആക്രമണം മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.