National
ഉപഭോക്തൃ പരാതികളില്‍ ഒന്നാമത് എയര്‍ടെല്‍; വിഐ രണ്ടാം സ്ഥാനത്ത്
ഭാരതി എയര്‍ടെലിനെതിരെ സേവനവുമായി ബന്ധപ്പെട്ട 16,111 പരാതികളാണ് ലഭിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഭാരതി എയര്‍ടെല്ലിനെതിരെയാണെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ ഡാറ്റ പ്രകാരം 2021ല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ ലഭിച്ചത് എയര്‍ടെല്ലിനാണ്. ഭാരതി എയര്‍ടെലിനെതിരെ സേവനവുമായി ബന്ധപ്പെട്ട 16,111 പരാതികളാണ് ലഭിച്ചിരിക്കുന്നത്. വോഡഫോണ്‍ ഐഡിയയ്ക്കെതിരെ 14,487 പരാതികളും റിലയന്‍സ് ജിയോയ്ക്കെതിരെ 7,341 പരാതികളുമാണ് ട്രായ്ക്ക് ലഭിച്ചത്. ഇക്കാര്യം കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവുസിന്‍ഹ് ചൗഹാനാണ് വെളിപ്പെടുത്തിയത്.
വോഡാഫോണ്‍ ഐഡിയക്ക് എതിരായി ലഭിച്ച 14,487 പരാതികളില്‍ 5,301 പരാതികള്‍ വോഡഫോണിനെതിരെയും 9,18 പരാതികള്‍ ഐഡിയയ്ക്ക് എതിരെയുമാണ്. എംടിഎന്‍എല്ലിനെതിരെ 732 പരാതികളാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്. ബിഎസ്എന്‍എല്ലിനെതിരെ 2,913 പരാതികളും ട്രായിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉപഭോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ട്രായ് എല്ലാ ടെലികോം സേവന ദാതാക്കളോടും റ്റു-ടയര്‍ പരാതി പരിഹാര സംവിധാനം ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പരാതി പരിഹാര സംവിധാനത്തിന് കീഴില്‍ ഉപഭോക്താവിന് അവരുടെ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) പരാതി കേന്ദ്രത്തില്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം. പരാതി കമ്പനി തൃപ്തികരമായി പരിഹരിച്ചില്ലെങ്കില്‍, ടെലിക്കോം സേവനദാതാക്കളുടെ അപ്പീല്‍ അതോറിറ്റിയില്‍ ഒരു അപ്പീല്‍ രജിസ്റ്റര്‍ ചെയ്യാം എന്നതാണ് ഈ പരാതി പരിഹാര സംവിധാനത്തിന്റെ പ്രത്യേകത.
ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നവംബര്‍ അവസാനത്തോടെ താരിഫ് വര്‍ധിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കാനായിട്ടാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എയര്‍ടെല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയാണ്. മികച്ച ആനുകൂല്യങ്ങളും പ്രീപെയ്ഡ് പ്ലാനുകളും നല്‍കുന്ന എയര്‍ടെല്ലിനെതിരെ ഇത്രയും പരാതികള്‍ ട്രായ്ക്ക് ലഭിച്ചത് വളരെ ഖേദകരമായ കാര്യമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോക്ക് എതിരായി ലഭിച്ച പരാതികള്‍ വളരെ കുറവാണ് എന്നതിനാല്‍ തന്നെ എയര്‍ടെല്ലിന് ഇത് വെല്ലുവിളിയാണ്.