From the print
ഐഷ്..! കല്യാണം നടത്തുമ്പോ ഇങ്ങനെ നടത്തണം
സാന്പത്തിക ശേഷിയും പ്രാപ്തിയുമുള്ളവര്‍ സദുദ്ദേശ്യത്തോടെ സമൃദ്ധമായ സദ്യയൊരുക്കി വിരുന്നൂട്ടുന്നത് ധൂര്‍ത്തിന്റെ ഗണത്തില്‍പ്പെടുത്തി ആക്ഷേപിക്കരുത്. കാരണം അതിഥി സത്കാരവും അന്നമൂട്ടലും മഹത്വമുള്ള സത്കര്‍മങ്ങളാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ഉത്തമ സംസ്‌കാരമായിട്ടാണ് മുഹമ്മദ് നബി (സ) അതിനെ അവതരിപ്പിച്ചിരിക്കുന്നത്.
സല്‍മാന്‍ ഹാജി ഓഡിറ്റോറിയത്തിന്റ മുന്‍വശത്ത് തന്നെ നില്‍ക്കുന്നുണ്ട്. ഹസ്തദാനം ചെയ്തും കുശലാന്വേഷണം നടത്തിയും തമാശകള്‍ പറഞ്ഞും കല്യാണത്തിന് വരുന്നവരെ ഹൃദ്യമായി സ്വീകരിക്കുകയാണ്.
ഹാജിയോട് സംസാരിച്ചും ചിരിച്ചും തീരുംമുമ്പേ പ്രൗഢിയില്‍ വസ്ത്രം ധരിച്ചൊരാള്‍ ആദരവോടെ അഥിതികളെ സോഫയിലേക്ക് ആനയിച്ചിരുത്തുന്നു. ഉടനെ വിടര്‍ന്ന മുഖവുമായൊരു ചെറുപ്പക്കാരന്‍ മൂന്നുനാല് തരം ജ്യൂസുകളുമായി വന്ന് സന്തോഷത്തോടെ കുടിക്കാന്‍ പറയുന്നു.
നേരത്തേ എത്തിയവരൊക്കെ സ്വീകരണ മുറിയില്‍ ശാന്തശീലരായി ഓരോ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുകയാണ്. അതിനിടക്ക് വേറെ ഒരാള്‍ ഭവ്യതയോടെ അവരുടെ കാതരികില്‍ ചെന്ന് സമയമായെങ്കില്‍ ഭക്ഷണം കഴിക്കാനിരിക്കാം എന്ന് പറയുന്നു.
എന്തൊരു സ്വീകരണം! ഭക്ഷണം കഴിച്ച് വയറ് നിറയും മുമ്പേ മനസ്സ് നിറഞ്ഞു.
കഴിക്കാനിരിക്കുന്നിടം ചെറിയൊരു ലോകമാണ്. ബിരിയാണി, മന്തി, മദ്ഹൂത്ത്, മജ്ബൂസ്, നെയ്‌ചോറ്, നാടന്‍ ചോറ്. ബീഫ്, ചിക്കന്‍, മട്ടന്‍, ഫിഷ്. വരട്ടിയതും ചുട്ടതും പൊരിച്ചതും പൊള്ളിച്ചതുമെല്ലാം വേറെയും. ആവശ്യമുള്ളത് യഥേഷ്ടം കഴിക്കാം.
കഴിച്ച് കൈ കഴുകി പുറത്തിറങ്ങുന്ന സ്ഥലത്ത് ഫ്രൂട്‌സ് നുറുക്കി നിരത്തി വെച്ചിരിക്കുന്നു.
മേല്‍പ്പറഞ്ഞ സര്‍വ വിഭവങ്ങളും കടന്നുവന്ന് അവസാനമായി കാവപ്പാത്രത്തിനരികില്‍ തിക്കുംതിരക്കും കൂട്ടുന്നതിനിടയിലൊരു കാരണവര്‍ അടുത്തുള്ളൊരാളോട് പറയുന്നത് കേട്ടു. ‘സല്‍മാന് പൂത്ത പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് കൊടുത്തൂടേ, ധൂര്‍ത്തടിച്ച് തീര്‍ക്കണോ…’
വല്ലാത്തൊരു മനുഷ്യന്‍ തന്നെ. എന്താണാവോ മൂപ്പരെ ഇത്ര ചൊടിപ്പിച്ചത്. സത്കാരത്തിന് വന്നവരെ മാന്യമായി സ്വീകരിച്ചതോ. അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി നല്‍കിയതോ. ആവാനിടയില്ല. കാരണം അതെല്ലാം ആതിഥ്യ മര്യാദയാണ്. വിവിധതരം ഭക്ഷണം വിളന്പിയതും ധൂര്‍ത്തായി കണക്കുകൂട്ടേണ്ടതില്ല. അദ്ദേഹം നാട്ടിലെ എല്ലാ വിഭാഗം ആളുകളെയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. ഉപരിവര്‍ഗവും മധ്യവര്‍ഗവും മാത്രമല്ല, നിരവധി പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളും സാധുജനങ്ങളും വന്നുപോയി. എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം സമൃദ്ധമായി ഭക്ഷണം കഴിച്ചു. ഇതിനവസരം ഒരുക്കിക്കൊടുത്ത സല്‍മാന്‍ ഹാജി പ്രശംസ അര്‍ഹിക്കുന്നുണ്ട്.
സാന്പത്തിക ശേഷിയും പ്രാപ്തിയുമുള്ളവര്‍ സദുദ്ദേശ്യത്തോടെ സമൃദ്ധമായ സദ്യയൊരുക്കി വിരുന്നൂട്ടുന്നത് ധൂര്‍ത്തിന്റെ ഗണത്തില്‍പ്പെടുത്തി ആക്ഷേപിക്കരുത്. കാരണം അതിഥി സത്കാരവും അന്നമൂട്ടലും മഹത്വമുള്ള സത്കര്‍മങ്ങളാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ഉത്തമ സംസ്‌കാരമായിട്ടാണ് മുഹമ്മദ് നബി (സ) അതിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അതിഥിയെ സത്കരിക്കട്ടേ എന്നാണ് നബി പഞ്ഞിട്ടുള്ളത്.
കഴിക്കാനാഗ്രഹമുള്ള വിഭവങ്ങള്‍ ലഭിക്കുന്‌പോള്‍ സന്തോഷം തോന്നാത്തവരുണ്ടാകില്ല. ഒരാളുടെ മനസ്സിനെ സന്തുഷ്ടിപ്പെടുത്തുന്നത് പുണ്യമാണ്. അത് ഭക്ഷ്യ വിഭവങ്ങള്‍ നല്‍കിക്കൊണ്ടാകുന്നതിലെന്താണ് തെറ്റ്?