Connect with us

Kerala

രണ്ട് മാസം കൊണ്ട് ഖുർആന്‍ കാലിഗ്രഫിയിൽ വരച്ച് ആഇശ ഫർഹാന

മൊബൈലിൽ കേവലം 15 ദിവസത്തെ കോഴ്‌സ് ചെയ്താണ് ആഇഷ ഫർഹാന അറബിക് കാലിഗ്രഫിയെ തനിക്ക് വഴങ്ങുന്ന രീതിയിലേക്ക് സ്വാംശീകരിച്ചത്

Published

|

Last Updated

മലപ്പുറം | പരിശുദ്ധ ഖുർആന്‍ സൂക്തങ്ങൾ അതിമനോഹരമായി കാലിഗ്രഫിയിൽ വരച്ചുവെച്ചത് കാണുമ്പോള്‍ ആരുമൊന്ന് വിസ്മയിക്കാതിരിക്കില്ല. കീഴാറ്റൂര്‍ പൂന്താനം സ്വദേശിനി ആഇഷ ഫർഹാനയാണ് 60 ദിവസം കൊണ്ട് കാലിഗ്രഫിയിൽ വിസ്മയം തീർത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് എട്ടിന് തുടങ്ങിയ എഴുത്ത് ഈ മാസം എട്ടിനാണ് പൂർത്തിയാക്കിയത്. 649 പേജ് അടങ്ങിയ പേജിനായി 32 പേനകളാണ് ഉപയോഗിച്ചത്. ഗർഭിണിയായിരിക്കേ ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് ആഇഷ ഫർഹാന പറയുന്നു.
വരയിലുള്ള കഴിവ് ദൃശ്യവിസ്മയം തീർക്കുന്ന കാലിഗ്രഫിയിലേക്ക് എത്തുമെന്നൊന്നും ആഇശ ഫർഹാന ഒരിക്കലും ചിന്തിച്ചിരുന്നില്ല. മൊബൈലിൽ കേവലം 15 ദിവസത്തെ കോഴ്‌സ് ചെയ്താണ് ആഇഷ ഫർഹാന അറബിക് കാലിഗ്രഫിയെ തനിക്ക് വഴങ്ങുന്ന രീതിയിലേക്ക് സ്വാംശീകരിച്ചത്. ഗൂഗിളിലൂടെ ധാരാളം കാലിഗ്രഫികള്‍ കണ്ടെത്തി വരച്ചുപഠിച്ചു. പിന്നീട് മനോഹരവും സങ്കീർണവുമായ അറബി കാലിഗ്രഫി രൂപങ്ങളെ ഒപ്പിയെടുക്കാനുള്ള തന്റെ ശ്രമം വിജയം കാണുകയായിരുന്നു.

ഭർത്താവായ ഡോ. അത്വീഖ് ബുഖാരി, പിതാവ് കോണിക്കുഴിയി ഇഖ്ബാൽ, മാതാവ് സുമയ്യ തുടങ്ങിയവരുടെ നിറഞ്ഞ പിന്തുണയും ഈ സത്കർമത്തിന് കൂടുതൽ ഊർജം പകർന്നു. എസ് എസ് എഫ് പെരിന്തല്‍മണ്ണ ഡിവിഷന്‍ സെക്രട്ടറിയായ സാബിത്ത് സഖാഫിയുടെ സഹോദരി കൂടിയാണ് ആഇഷ ഫർഹാന. പെൺകുട്ടികൾ അറബിക് കാലിഗ്രഫിയിൽ കൂടുതൽ വരണമെന്നാണ് ആഇഷ ഫർഹാനയുടെ നിലപാട്.

വർഷങ്ങൾ പാരമ്പര്യമുള്ളതും ലോക ശ്രദ്ധയാർജിച്ചതുമായ അറബിക് കൂട്ടെഴുത്തുകളും ഖുർആനിക സൂക്തങ്ങളും ഉൾപ്പെടുത്തിയ അറബിക് തുർക്കിഷ് കാലിഗ്രഫിയോട് സമാനതയുള്ള കാലിഗ്രഫിയാണ് ഇവർ ഉപയോഗിക്കുന്നത്.

താമസിയാതെ ഖുർആന്റെ കൈയെഴുത്ത് കോപ്പിയുടെ വീഡിയോകളും മറ്റും തന്റെ യൂട്യൂബ് ചാനലായ ആഇഷ ബിൻത് ഇഖ്ബാൽ എന്ന യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.മഅദിന്‍ ഷീ ക്യാമ്പസിലാണ് പഠനം പൂര്‍ത്തിയാക്കിയത്

Latest