നോമ്പോർമ
ആഇശുമ്മ താത്തയുടെ ഇറച്ചിക്കറിയും പത്തിരിയും
നോമ്പ് വരുമ്പോള്‍ ആഇശുമ്മ താത്തയെ മനസ്സില്‍ ഓര്‍മ വരും. എന്റെ അമ്മമ്മയുടെ കൂട്ടുകാരിയാണ് അയല്‍വാസിയായ ആഇശുമ്മ താത്ത. അവരുടെ മകള്‍ ബീവിയുമ്മ എന്റെ അമ്മയുടെ കൂട്ടുകാരിയാണ്. ബീവിയുമ്മയുടെ മകന്‍ കുഞ്ഞാണി എന്ന പരീക്കുട്ടി എന്റെ ഉറ്റ സുഹൃത്തായിരുന്നു.
എന്റെ ബാല്യത്തിലെ ആ നോമ്പുകാലം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുകയാണ്. നോമ്പുകാലത്ത് വൈകുന്നേരം കുഞ്ഞാണി വീട്ടില്‍ വന്ന് എന്റെ മൂക്കത്ത് കൈവെച്ച് മണപ്പിക്കും. അതിന് ഒരുതരം പ്രത്യേക മണമായിരുന്നു. വീട്ടിലില്ലാത്ത മണമായിരുന്നു. ഇറച്ചിയും പത്തിരിയും തിന്ന മണമാണെന്ന് അവന്‍ എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടി പറയും.
എന്റെ വീട്ടില്‍ മത്സ്യ-മാംസാഹാരം കഴിക്കാറില്ല. ഞാന്‍ ഈ മണം സഹിക്കവയ്യാതെ എനിക്ക് ഇറച്ചിയും പത്തിരിയും കഴിക്കണമെന്ന ആഗ്രഹം വീട്ടുകാരോട് പറഞ്ഞതോടെ ഇത് വലിയ ബഹളമായി. വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞത് പോലെയായി. ഈ സംഭവം എങ്ങനെയോ ആഇശുമ്മ താത്തയുടെ കാതിലെത്തി. സന്ധ്യക്ക് വാതില്‍ മുട്ടുന്ന ശബ്ദവും കല്യാണിക്കുട്ടിയമ്മേയെന്ന വിളിയും കേള്‍ക്കുന്നു. അമ്മൂമ്മ വാതില്‍ തുറന്നതും ആഇശുമ്മ താത്ത ഒരു ചെറിയ കുണ്ടന്‍ പിഞ്ഞാണി കൊടുത്തു.
ഇത് കുട്ടികള്‍ക്ക് കൊടുത്തോളൂ. അതുകൊണ്ട് ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. നിങ്ങള്‍ കഴിക്കേണ്ട എന്നേയുള്ളൂ…
തുറന്ന് നോക്കിയപ്പോള്‍ പാത്രത്തില്‍ ഇറച്ചിക്കറിയും പത്തിരിയുമാണ്. ഏഴ് വയസ്സാകുമ്പോള്‍ നോമ്പേടുക്കാതെ നോമ്പ് തുറന്നത് ആഇശുമ്മ താത്തയുടെ പത്തിരിയും ഇറച്ചിയും കഴിച്ചാണ്.
അന്ന് മുതല്‍ ബീഫ് എന്റെ ഇഷ്ട വിഭവമാണ്. ആര്‍ എസ് എസ് ബീഫ് നിരോധിക്കണമെന്ന് ഇടക്കിടെ ആക്രോശിക്കാറുണ്ട്. എന്നാല്‍ ബീഫ് നിരോധിച്ചാലും എന്നെ ബീഫ് വിലക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. ആഇശുമ്മ താത്ത തന്ന ബീഫും പത്തിരിയും എനിക്ക് തരാന്‍ മടി കാണിക്കാതിരുന്ന എന്റെ മുത്തശ്ശിക്ക് അവര്‍ വിഷം തന്നാലും കുട്ടികള്‍ക്ക് കൊടുക്കാം എന്ന വിശ്വാസമുണ്ടായിരുന്നു. അത്രയും ഹൃദയബന്ധമായിരുന്നു അവര്‍ തമ്മില്‍. ഇങ്ങനെയാണ് നാട്ടിന്‍പുറത്തെ നോമ്പിനെ ബാല്യകാലത്ത് അറിഞ്ഞത്.
ആ കാലത്ത് ദാരിദ്ര്യമുള്ള നോമ്പ് തുറയായിരുന്നു. ഇന്നുള്ള പോലെ വിപുലമായ ഇഫ്താര്‍ വിരുന്നുകളുണ്ടായിരുന്നില്ല. ഔപചാരിക ഇഫ്താര്‍ സംഗമങ്ങളില്ലാത്ത കാലത്തും തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലെ നോമ്പുകാലം സ്നേഹവലയങ്ങള്‍ ഊട്ടിയുറപ്പിക്കുമായിരുന്നു.
ദിവസേന നോമ്പ് തുറയുണ്ടാകും. എന്നാല്‍ എനിക്ക് ഒരു വിഷമം തോന്നി, നോമ്പ് പിടിക്കാതെ നോമ്പ് തുറക്ക് പോകുന്നത്. ഇതിനാല്‍ രണ്ട് തവണ നോമ്പ് നോറ്റിട്ടുണ്ട്. നോമ്പ് അന്യസമുദായത്തിന്റേതാണെന്നുള്ള തോന്നല്‍ ഇതു വരെ ഉണ്ടായിട്ടില്ല. എന്റേതും കൂടിയാണ് നോമ്പുകാലം എന്ന വികാരമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
തയ്യാറാക്കിയത്
കമറുദ്ദീന്‍ എളങ്കൂര്‍