International
അജിത് ഡോവൽ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.
ന്യൂഡൽഹി | ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഇന്ത്യയിലെത്തിയ ഷെയ്ക്ക് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും അവർ അദ്ദേഹവുമായി ചർച്ച ചെയ്തു. ഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്‌സ് താവളത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഷെയ്ക്ക് ഹസീന ബംഗ്ലാദേശ് സൈനിക വിമാനത്തിൽ ഇവിടെ ഇറങ്ങിയത്.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ഷെയ്ഖ് ഹസീനയെ മോദി കാണുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു വിവരവുമില്ല. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജയശങ്കറുമായി സംസാരിച്ചു.
ബംഗ്ലാദേശ് എയർഫോഴ്‌സിൻ്റെ സി-130 സൈനിക ഗതാഗതമായ ഷെയ്ഖ് ഹസീനയുടെ വിമാനം ഇന്ത്യൻ വ്യോമസേനയുടെ സി-17, സി-130ജെ സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റ് ഹാംഗറുകൾക്ക് സമീപമാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. അവിടെ അവർ രാഷ്ട്രീയ അഭയം തേടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അഞ്ച് തവണ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനക്ക് രാജ്യത്തെ തൊഴിൽ സംവരണത്തെ ചൊല്ലിയുള്ള പ്രക്ഷോഭത്തിൽ കാലിടറിയാണ് രാജിവെക്കേണ്ടി വന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളിൽ 300-ലധികം പേർ മരിച്ചിട്ടുണ്ട്. ഹസീന രാജ്യം വിട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ നിരവധി പ്രതിഷേധക്കാർ പാർലമെൻ്റിലേക്ക് ഇരച്ചുകയറിയതോടെ ബംഗ്ലാദേശിൽ അശാന്തി തുടരുകയാണ്.
ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ബംഗ്ലാദേശുമായുള്ള രാജ്യത്തിൻ്റെ 4,096 കിലോമീറ്റർ അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്. മേഘാലയയിൽ 12 മണിക്കൂർ രാത്രികാല കർഫ്യൂ നിലവിലുണ്ട്.
ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തി. എയർ ഇന്ത്യ ധാക്കയിലേക്കുള്ള രണ്ട് പ്രതിദിന വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ എല്ലാ വിമാനങ്ങളും അടുത്ത 30 മണിക്കൂറിലേക്ക് നിർത്തിവച്ചു. മുംബൈയിൽ നിന്ന് സർവീസ് നടത്തുന്ന വിസ്താര സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പറഞ്ഞെങ്കിലും ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈൻ ഇതുവരെ റദ്ദാക്കിയതായി പ്രഖ്യാപിച്ചിട്ടില്ല.
ധാക്കയിലെ ഷാജലാൽ ഇൻ്റർനാഷണൽ എയർപോർട്ട് ആറ് മണിക്കൂർ പ്രവർത്തനം നിർത്തിയതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.