Connect with us

Kerala

അജിത് കുമാറിനെ എ ഡി ജി പി പദവിയില്‍ നിന്ന് മാറ്റില്ല; ആരോപണങ്ങള്‍ ഡി ജി പി അന്വേഷിക്കും

മുഖ്യമന്ത്രിയാണ് അജിത് കുമാറിനെ മാറ്റേണ്ടെന്ന നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റില്ല. മുഖ്യമന്ത്രിയാണ് അജിത് കുമാറിനെ മാറ്റേണ്ടെന്ന നിര്‍ദേശം നല്‍കിയത്.

ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തെ തത്സ്ഥാനത്തു നിന്ന് മാറ്റാതെ തന്നെ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഡി ജി പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക. ജി സ്പര്‍ജന്‍ കുമാര്‍, തോംസണ്‍ ജോസ്, എസ് മധുസൂദനന്‍, എ ഷാനവാസ് എന്നിവര്‍ അന്വേഷണ സംഘാംഗങ്ങളാണ്.

പുതിയ സംഭവവികാസത്തില്‍ നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിക്കാമെന്ന് എ ഡി ജി പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ എം എല്‍ എ ഉന്നയിച്ചത്.

അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചു പോകുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്‌റാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ ഡി ജി പി ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എ ഡി ജി പി. എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

എ ഡി ജി പിക്കെതിരെ ഇന്നും ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ രംഗത്തെത്തി. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എം ആര്‍ അജിത് കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അന്‍വര്‍ പറഞ്ഞു.

തിരുവന്തപുരം കവടിയാറില്‍ എം എ യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് അജിത്കുമാര്‍ വലിയ കൊട്ടാരം പണിയുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വയര്‍ ഫീറ്റോ 15,000 സ്‌ക്വയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയെന്നും അന്‍വര്‍ പറഞ്ഞു.

 

Latest