Connect with us

Uae

അജ്മാന്‍- അബൂദബി- അജ്മാന്‍ ബസ് സര്‍വീസ് ആരംഭിച്ചു

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയ ബസ് സര്‍വീസാണ് പുനരാരംഭിച്ചത്

Published

|

Last Updated

അബൂദബി | അജ്മാനില്‍ നിന്നും അബൂദബിയിലേക്കും തിരിച്ചും ബസ് സര്‍വീസ് ആരംഭിച്ചതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയ ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. അജ്മാനെയും അബൂദബിയേയും ബന്ധിപ്പിച്ചു ദിനം പ്രതി നാല് ബസ് സര്‍വീസുകളാണ് ഉണ്ടാവുകയെന്നും അജ്മാന്‍ പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി. അജ്മാനില്‍ നിന്നും അബൂദബിയിലേക്ക് രണ്ട് തവണയും തിരിച്ച് രണ്ട് തവണയുമാണ് സര്‍വീസുണ്ടാവുകയെന്ന് അജ്മാന്‍ പൊതു ഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമി അലി അല്‍ ജലഫ് അറിയിച്ചു.

അജ്മാന്‍ അല്‍ മുസല്ല ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ ഏഴിനും വൈകിട്ട് ആറിനും അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്കും രാവിലെ പത്തിനും വൈകിട്ട് ഒമ്പതിനും അജ്മാനിലേക്കും സര്‍വീസുണ്ടാകും. 35 ദിര്‍ഹമാണ് ഇരു ദിശയിലേക്കും ടിക്കറ്റ് നിരക്ക്. മസാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ 30 ദിര്‍ഹം നല്‍കിയാല്‍ മതി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് ബസ് സര്‍വീസ് നടത്തുക.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി