Uae
അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ മുന്നറിയിപ്പുമായി അജ്മാന്‍ പോലീസ്
ഓവര്‍ടേക്ക് ചെയ്യുമ്പോഴോ ലൈനുകള്‍ മാറുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അജ്മാന്‍ പോലീസ് ആവശ്യപ്പെട്ടു
അജ്മാന്‍ | സിഗ്‌നലുകള്‍ ഉപയോഗിക്കാതെ ഒരു വരിയില്‍ നിന്ന് മറ്റൊരു വരിയിലേക്ക് തിരിയുന്നതുള്‍പ്പെടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ മുന്നറിയിപ്പുമായി അജ്മാന്‍ പോലീസ്. ട്രാഫിക് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പാതകള്‍ മാറുന്നതിന് മുമ്പ് സിഗ്‌നലുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അജ്മാന്‍ പോലീസ് ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു.
ചില ഡ്രൈവര്‍മാര്‍ പാതയില്‍ നിന്ന് പെട്ടെന്ന് തിരിയുന്നത് കാരണം ഗുരുതരമായ ട്രാഫിക് അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.അത്തരം ഡ്രൈവര്‍മാര്‍ ചിലപ്പോള്‍ ഫോണിലോ ഭക്ഷണത്തിലോ മറ്റ് കാര്യങ്ങളിലോ തിരക്കിലായിരിക്കാനാണ് സാധ്യത. ഡ്രൈവര്‍മാരുടെ നിരുത്തരവാദപരമായ ഈ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ അപകടത്തിലെത്തിക്കുകയാണ്. ഓവര്‍ടേക്ക് ചെയ്യുമ്പോഴോ ലൈനുകള്‍ മാറുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അജ്മാന്‍ പോലീസ് ആവശ്യപ്പെട്ടു.
പാത മാറ്റുന്നതിന് മുമ്പ് ട്രാഫിക് ലൈറ്റ് ഉപയോഗിക്കുക, അതിലേക്ക് നീങ്ങുന്നതിന് മുമ്പ് പാത ശൂന്യമാണെന്ന് ഉറപ്പാക്കുക, തുടര്‍ന്ന് ക്രമേണ അതിലേക്ക് നീങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാഹനം പെട്ടെന്ന് ഗതിമാറ്റുന്നത് 1,000 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും തെറ്റായ ഓവര്‍ടേക്കിംഗിന് പിഴയായി 600 ദിര്‍ഹവും ആറ് ട്രാഫിക് പോയിന്റുകളും നല്‍കുമെന്ന് ട്രാഫിക് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.