Travelogue
ജാവയിലെ അജ്മീർ
അതിവിശാലമാണ് ആംപെൽ മസ്ജിദ്. AD 1421ൽ നിർമിക്കപ്പെട്ട ഈ ആരാധനാലയം ജാവാ ദ്വീപിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ്.

1481ലായിരുന്നു സുനൻ ആംപെലിന്റെ വിയോഗം. അദ്ദേഹം നിർമിച്ച പള്ളിയോട് ചേർന്നാണ് ഖബർ. ഇന്തോനേഷ്യയിലെ പ്രശസ്ത തീർഥാടന കേന്ദ്രമാണത്. ഇവിടെയെത്തുമ്പോൾ കനത്ത മഴയായിരുന്നു. എങ്കിലും സന്ദർശക ബാഹുല്യമുണ്ട്. അജ്മീർ, ഏർവാടി ദർഗകളിലെത്തിയ പ്രതീതി. ജനങ്ങൾ കൂട്ടംകൂട്ടമായി സിയാറത്ത് ചെയ്യുന്നു. ജാവയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് സുനൻ ആംപെൽ മസ്ജിദ്. നൂറ്റാണ്ടുകൾ പഴക്കമുള്ള, ധാരാളം മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ഖബർസ്ഥാൻ തൊട്ടുചാരെയായി സ്ഥിതിചെയ്യുന്നു. പുരാതനമായ അവയിലെ മീസാൻ കല്ലുകൾ, അവയോടനുബന്ധിച്ചുള്ള കൊച്ചുകൊച്ചു നിർമിതികൾ, കവാടങ്ങൾ എല്ലാം പകരുന്ന അനുഭൂതി വാക്കുകൾക്ക് അതീതമാണ്.
അതിവിശാലമാണ് ആംപെൽ മസ്ജിദ്. AD 1421ൽ നിർമിക്കപ്പെട്ട ഈ ആരാധനാലയം ജാവാ ദ്വീപിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ്. നീണ്ടുകിടക്കുന്ന പള്ളിച്ചെരുവുകളും അതിവിശാലമായ അകം പള്ളിയും സമയം അറിയിക്കാനുള്ള നഗാരയും മരങ്ങളാലുള്ള അലങ്കാരങ്ങളും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്.
നമ്മുടെ നാട്ടിലെ പഴയ ജുമാ മസ്ജിദുകളിലേത് പോലുള്ള ദൃശ്യങ്ങൾ. വാസ്തുവിദ്യയും സമാന ആകൃതി പിന്തുടരുന്നവയാണ്. ഇന്ത്യാ ഇന്തോനേഷ്യ സാംസ്കാരിക കൈമാറ്റങ്ങളുടെ നേർസാക്ഷ്യങ്ങൾ. പുത്തൻ അനുഭവങ്ങളും അറിവുകളും സമ്മാനിച്ചങ്ങനെ പ്രോജ്വലിച്ചു നിൽക്കുന്നു. പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും കൊച്ചിയിലെയും പള്ളികളുടെ ആകാരഭംഗി നിനവിൽ നിറഞ്ഞു.
ഈ നാടുമായി നിരന്തര സമ്പർക്കം ഉണ്ടായിരുന്നല്ലോ നമ്മുടെ പൂർവികർക്ക്. ജലയാനങ്ങളിൽ കാറ്റിന്റെ പ്രവാഹത്തോടൊപ്പം അവർ അങ്ങോട്ടുമിങ്ങോട്ടും പോയി വന്നു. ഇരു ജനതകളും പല കാര്യങ്ങളും പരസ്പരം പങ്കുവെച്ചു. ആരാധനാലയങ്ങളുടെ നിർമാണ ശൈലിയിൽ ഈ പ്രവണത പ്രകടമാണ്. ഒരുപക്ഷേ, രണ്ടിടങ്ങളിലെയും സ്മാരകങ്ങൾക്ക് സമ്പത്ത് വാഗ്ദാനം ചെയ്തത് ഒരാളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മലബാരീ മസ്ജിദുകളുടെ രൂപകൽപ്പനക്ക് പിന്നിൽ പ്രാദേശിക കാരണങ്ങൾ മാത്രമല്ല ഉള്ളതെന്ന് ഇതിൽ നിന്ന് അനുമാനിക്കാം. അതോടൊപ്പം ജാവ, ചൈനീസ്, അറബ് പാരമ്പര്യങ്ങളുടെ ശേഷിപ്പുകളും ആംപെലിൽ സമൃദ്ധമായുണ്ട്.
വലി സോംഗോയുടെ പിന്തുണയോടെ നിലവിൽ വന്ന ഭരണകൂടമാണ് ഡീമാക് സുൽത്താനേറ്റ്. ജാവയിലെ പ്രഥമ മുസ്‌ലിം ഭരണകൂടമായിരുന്നു ഡീമാക്. ഷാ ആലം അക്ബർ അൽ ഫതഹ് ആണ് ആദ്യ സുൽത്വാൻ. സുനൻ ആംപേലിന്റെ ആത്മീയ നിർദേശ പ്രകാരമാണ് അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.ഹിന്ദു രാജവംശമായ മജാപഹിദ് സാമ്രാജ്യത്തിന് കീഴിലെ നാടുവാഴിയായിരുന്നു ഷാ ആലം.റാഹ്ഡൻ പാഹ്തഹ് എന്ന പേരിലാണ് പ്രാദേശികമായി അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജകുടുംബാംഗമായിരുന്ന പാഹ്തഹ് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് ഡീമാകിൽ ഭരണം സ്ഥാപിച്ചത്.
സൈനിക നീക്കങ്ങളിലെ പാടവം പരിഗണിച്ച് അൽ ഫതഹ് എന്ന സ്ഥാനപ്പേരിൽ വിശേഷിപ്പിക്കപ്പെട്ടു.ഡിമാക് ഗ്രാൻഡ് മസ്ജിദ് പണികഴിപ്പിച്ചത് റാഹ്ഡൻ പാഹ്തഹാണ്. എല്ലാ മതവിശ്വാസികളോടും സഹിഷ്ണുതയോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. തെക്കു കിഴക്കൻ ഏഷ്യയിൽ പിടിമുറുക്കാനുള്ള പോർച്ചുഗീസ് കുതന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.
റാഹ്ഡൻ പാഹ്തഹ് വംശാവലിയിലൂടെ ഡിമാക് സുൽത്താനേറ്റ് ക്രമാനുഗത അഭിവൃദ്ധി പ്രാപിക്കുകയും ജാവയുടെ ഇസ്‌ലാമികവത്കരണത്തിന് ശക്തി പകരുകയും ചെയ്തു. സ്വൂഫികളുടെ നിർലോഭ പിന്തുണയും അവർക്ക് ലഭിച്ചു.
റാഹ്ഡൻ പാഹ്തക്ക് ശേഷം മരുമകനായ പാറ്റി ഉനുസ് ഷാ ആലം രണ്ടാമനാണ് സുൽത്താനായി സ്ഥാനമേറ്റത്. പറങ്കികൾക്കെതിരെ നടന്ന അതിരൂക്ഷമായ യുദ്ധങ്ങൾക്കിടെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
സുൽത്താൻ ട്രംഗനയായിരുന്നു പിൻഗാമി. ഇക്കാലയളവിൽ ഡിമാക് സുൽത്താനേറ്റ് ജാവയിലെ കൂടുതൽ പ്രദേശത്തേക്ക് വികസിച്ചുവെങ്കിലും സുൽത്താൻ ട്രംഗനക്ക് സന്താനങ്ങളില്ലാത്തത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ട് ദൈർഘ്യം മാത്രമുള്ള ഭരണകൂടമായിരുന്നുവെങ്കിലും ഇസ്‌ലാമിക പ്രചാരണം, സ്വൂഫീ സഹവർത്തിത്വം, കൊളോണിയൽ വിരുദ്ധത എന്നീ മേഖലകളിൽ ഡിമാക്ക് സുൽത്താന്മാർ നൽകിയ സംഭാവനകൾ മഹത്തരമാണ്. ഇന്തോനേഷ്യൻ ജനത അവരുടെ സ്മരണ ഇന്നും ആദരപൂർവം നെഞ്ചിലേറ്റുന്നതും അതുകൊണ്ട് തന്നെ.