Connect with us

Kerala

എ കെ ശശീന്ദ്രന്‍ സ്ഥാനമൊഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ വനം വന്യജീവി സംരക്ഷണമന്ത്രിയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | എന്‍സിപിയില്‍ മന്ത്രിമാറ്റം ഉറപ്പായി. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പ്രധാനസ്ഥാനങ്ങളില്‍ എ കെ ശശീന്ദ്രനെ നിയമിച്ചേക്കും.

മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്.  മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന നേതൃത്വവും എൻസിപി ജില്ലാ അധ്യക്ഷന്മാരും തോമസ് കെ തോമസിനെ അനുകൂലിച്ചതായാണ് വിവരം.  മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ വനം വന്യജീവി സംരക്ഷണമന്ത്രിയായിരുന്നു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എന്‍സിപിയിലെ തര്‍ക്കങ്ങള്‍ പലപ്പോഴും മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ കെ ശശീന്ദ്രന്‍ നേരത്തെ വാദിച്ചിരുന്നത്. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് ഇന്നലെ ശശീന്ദ്രന്‍ വ്യക്തമാക്കിയത്.