akg centre
എ കെ ജി സെന്റർ ആക്രമണം: ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ
എ കെ ജി സെന്ററിന്റെ ഒരു ജനലിന്റെ ഗ്ലാസ് ഒറ്റക്ക് എറിഞ്ഞുടക്കും എന്ന് ഇയാൾ കഴിഞ്ഞ 25ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
തിരുവനന്തപുരം | സി പി എം ആസ്ഥാനമായ എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിലെടുത്ത മലയിൻകീഴ് അണ്ടിയൂർകോണം സ്വദേശി റിജു (32)വിനെയാണ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കന്റോൺമെന്റ് സി ഐ. ബി എം ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിയെന്നതുൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, കേരള പോലീസ് നിയമത്തിലെ 120(ഒ) എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കല്ലെറിയുമെന്ന് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അതേസമയം സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. ഇതിനിടെയാണ് എ കെ ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തിത്.
എ കെ ജി സെന്ററിന്റെ ഒരു ജനലിന്റെ ഗ്ലാസ് ഒറ്റക്ക് എറിഞ്ഞുടക്കും എന്ന് ഇയാൾ കഴിഞ്ഞ 25ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടും കൂടിയാണ് ഇയാൾ ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. രാഷ്ട്രീയ വെറുപ്പുണ്ടാക്കി സൗഹാർദത്തിന്റെ നിലനിൽപ്പിന് ഭംഗം വരത്തക്കവിധം ശത്രുതാമനോഭാവം വളർത്തുന്ന വിധത്തിലാണ് പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ ലഹളക്ക് വഴിവെക്കാൻ ശ്രമിച്ചതെന്നും എഫ് ഐ ആർ പറയുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പലതും ഇത്തരത്തിൽ വിദ്വേഷം പരത്തുന്നതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.