Connect with us

bomb attack against akg centre

എ കെ ജി സെൻ്റർ ബോംബാക്രമണം: സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ തുടർച്ചയെന്ന് കോടിയേരി

എ കെ ജി സെന്ററിന് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള യു ഡി എഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി അഭ്യര്‍ഥിച്ചു.

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് എ കെ ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രകോപനപരമായ ഒന്നായ സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യു ഡി എഫ്, ബി ജെ പി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.

നേരത്തേ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യു ഡി എഫും, ബി ജെ പിയും എല്ലാ വര്‍ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നില്‍ക്കുകയാണ് ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ട്ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എ കെ ജി സെന്ററിന് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള യു ഡി എഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest