lady killed by friend
അഖില്‍ ആതിരയെ വനത്തില്‍ എത്തിച്ചത് ടൂര്‍ എന്നു ധരിപ്പിച്ച്
ഒരേ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു.
കൊച്ചി | ഭര്‍തൃമതിയായ യുവതിയെ വനത്തില്‍ കൊന്നു തള്ളിയ പ്രതി ഇരയെ കാട്ടിനുള്ളില്‍ എത്തിച്ചത് ടൂറിനെന്ന വ്യാജേന.
എറണാകുളം കാലടി ചെങ്ങലില്‍ നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ ആതിരയെ അതിരപ്പിള്ളി വനത്തിനുള്ളിലാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയാണ് ആതിര. അറസ്റ്റിലായ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഒരേ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. അഖില്‍ ആതിരയില്‍ നിന്നു കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ആതിരയുടെ വീട്ടില്‍ നിന്നും അഞ്ച് പവന് സ്വര്‍ണ്ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഏപ്രില്‍ 29 നാണ് ആതിരയുമായി അഖില്‍ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂര്‍ പോകാമെന്നു പറഞ്ഞായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഷോള് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തില്‍ ഞെരിച്ച് മരണം ഉറപ്പാക്കി. തുമ്പൂര്‍മുഴിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തില്‍ മൂന്നൂറ് മീറ്റര്‍ ഉളളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അതിനിടെ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. 29 ന് ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചതു ഭര്‍ത്താവായിരുന്നു.
കാലടി ബസ് സ്റ്റോപ്പില്‍ നിന്ന് ആതിര അഖിലിനടുത്തേക്കാണ് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു റെന്റ് എ കാറില്‍ അഖിലും ആതിരയും തുമ്പൂര്‍മുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണു പോലീസ് അഖിലിനെ ചോദ്യം ചെയ്തത്.