Connect with us

UP Election 2022

അഖിലേഷിന് തലവേദന; മുന്നണിയില്‍ നിന്നും പിന്‍മാറ്റ സൂചന നല്‍കി പ്രധാന ഘടകകക്ഷി

കിഴക്കന്‍- മധ്യ യു പിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും യു പിയില്‍ ഉടനീളം പിന്നാക്ക വിഭാഗങ്ങളിലും കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്‌നാദള്‍ കെ

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ അഖിലേഷിന് തലവേദനയായി ഘടകകക്ഷിയായ അപ്‌നാ ദള്‍ കമേരവാദിയുടെ നിലപാടുകള്‍. സഖ്യം വിടാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഖിലേഷുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തും എന്നാണ് സൂചന.

ബി ജെ പി ഘടകകക്ഷിയായ അനുപ്രിയ പട്ടേലിന്റെ അപ്‌നാദളില്‍ നിന്നും പിരിഞ്ഞുപോയവരാണ് അപ്‌നാദള്‍ കമേരവാദി എന്ന പാര്‍ട്ടി രൂപീകരിച്ചത്. അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണപട്ടേലാണ് പാര്‍ട്ടിയുടെ അധ്യക്ഷ. ഫെബ്രുവരി പത്തിന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് കൃഷ്ണ പട്ടേലിന്റെ നിലപാട്.

അനുപ്രിയ പട്ടേലിന്റെ സഹോദരി പല്ലവി പട്ടേല്‍ ഇന്ന് അഖിലേഷുമായി ചര്‍ച്ച നടത്തിയത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കേശവ് പ്രസാദ് മൗര്യക്കെതിരായ എസ് പിയുടെ സ്ഥാനാര്‍ഥിയാണ് പല്ലവി പട്ടേല്‍. എന്നാല്‍, പല്ലവി പട്ടേലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രദേശിക എസ് പി നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടെന്നാണ് സൂചന. ബി ജെ പിയുടെ പ്രധാനപ്പെട്ട നേതാവിനെതിരെ മത്സരിക്കുന്നതില്‍ പല്ലവിക്കും താത്പര്യമില്ലെന്നാണ് സൂചന.

അപ്‌നാദള്‍ (കെ) 18 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിന് പുറമേ എട്ട് മണ്ഡലങ്ങളില്‍ എസ് പി ടിക്കറ്റിലും അപ്‌നാദള്‍ നേതാക്കള്‍ക്ക് സ്ഥാനാര്‍ഥിത്വം അനുവദിച്ചിരുന്നു. കിഴക്കന്‍- മധ്യ യു പിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും യു പിയില്‍ ഉടനീളം പിന്നാക്ക വിഭാഗങ്ങളിലും കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്‌നാദള്‍ കെ.

Latest