UTHARPRADESH
നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് അഖിലേഷ്
ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുക്കുമെന്നാണ് എസ് പി വൃത്തങ്ങൾ പറയുന്നത്
ലക്നോ | അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എസ് പി മേധാവി അഖിലേഷ് യാദവ്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുക്കുമെന്നാണ് എസ് പി വൃത്തങ്ങൾ പറയുന്നത്.
അഖിലേഷിന്റെ പ്രസ്താവനക്ക് പിന്നാലെ പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി തുടച്ചുനീക്കപ്പെടുമെന്നും അഖിലേഷ് മത്സരിക്കുമോ എന്ന കാര്യം പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹവുമായി അടുപ്പമുള്ള എസ് പി നേതാവ് ആശിഷ് യാദവ് പ്രതികരിച്ചു. 2012, 2017 വർഷങ്ങളിൽ നടന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അഖിലേഷ് യാദവ് മത്സരിച്ചിരുന്നില്ല. 2012ൽ എസ് പിയെ വലിയ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ച് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു അഖിലേഷ്. അപ്പോൾ, കനൗജിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് 38കാരനായ അഖിലേഷ് സ്ഥാനമേറ്റത്. പിന്നീട്, നിയമസഭാ സമിതിയിലൂടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി.
രാജിവെച്ച കനൗജ് മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡിന്പിൾ യാദവ് ലോക്സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.