Connect with us

National

അഖിലേഷ് യാദവ് ഞായറാഴ്ച ആഗ്രയില്‍ ഭാരത് ജോഡോ യാത്രക്കൊപ്പം ചേരും

ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് ചര്‍ച്ചകള്‍ വിജയിച്ചതോടെയാണ് പുതിയ നീക്കം

Published

|

Last Updated

ലക്‌നോ | കോൺഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ വിജയിച്ചതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും. ഫെബ്രുവരി 25 ഞായറാഴ്ച ആഗ്രയിലാണ് അഖിലേഷ് യാദവ് ന്യായ് യാത്രക്കൊപ്പം ചേരുക. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ആദ്യ ഘട്ടം ബുധനാഴ്ച പൂര്‍ത്തിയായി.

രണ്ടാം ഘട്ടം ഞായറാഴ്ച ആഗ്രയില്‍ നിന്നാണ് ആരംഭിക്കുന്നത്. അഖിലേഷ് യാദവ് ഞായറാഴ്ച ആഗ്രയില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് വ്യാഴാഴ്ച അറിയിച്ചു.

അമേത്തിയിലും റായ്ബറേലിയിലും അഖിലേഷ് യാദവ് ന്യായ് യാത്രക്കൊപ്പം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനമാവാതെ യാത്രയില്‍ പങ്കെടുക്കില്ലെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ബുധനാഴ്ചയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് ചര്‍ച്ചകള്‍ ശുഭകരമായി അവസാനിച്ചത്. 17 സീറ്റുകളില്‍ കോണ്‍ഗ്രസും ബാക്കി 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും മത്സരിക്കും. സീറ്റ് ചര്‍ച്ചകള്‍ അവസാനിച്ചതോടെയാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോള്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഇരു നേതാക്കളും ആഗ്രയിലെത്തുമ്പോള്‍ വമ്പിച്ച സ്വീകരണം ഒരുക്കുമെന്ന് സമാജ് വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.