Connect with us

Uae

അല്‍ ഐന്‍ പുസ്തകമേള: പതിമൂന്നാമത് പതിപ്പ് നവംബര്‍ 14 മുതല്‍ 20 വരെ

അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

Published

|

Last Updated

അബൂദബി | അല്‍ ഐന്‍ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് നവംബര്‍ 14 മുതല്‍ 20 വരെ നടക്കുമെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. നേരത്തെ അല്‍ ഐന്‍ ബുക്ക് ഫെയര്‍ എന്ന പേരില്‍ നടത്തി വന്നിരുന്ന പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതല്‍ അല്‍ ഐന്‍ ബുക്ക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.

അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ കണ്ണുകളും അല്‍ ഐനിലേക്ക് എന്ന ആശയത്തിലൂന്നിയാണ് പുസ്തക മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികളും, കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇതാദ്യമായി, ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, സായിദ് സെന്‍ട്രല്‍ ലൈബ്രറി, ഖസ്ര്‍ അല്‍ മുവൈജി, ബൈത് മുഹമ്മദ് ബിന്‍ ഖലീഫ, യു എ ഇ യൂനിവേഴ്‌സിറ്റി എന്നിങ്ങനെ അല്‍ ഐനിലെ അഞ്ച് ഇടങ്ങളിലായാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സായിദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ വച്ചായിരുന്നു അല്‍ ഐന്‍ പുസ്തകമേള നടന്നിരുന്നത്.