Connect with us

International

വെസ്റ്റ്ബാങ്കില്‍ അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്തി

വിചിത്ര ഉത്തരവിട്ട് ഫലസ്തീന്‍ അതോറിറ്റി

Published

|

Last Updated

വെസ്റ്റ്ബാങ്ക് | ഇസ്‌റാഈല്‍ അധിനിവേശ സേന ഫലസ്തീനില്‍ നടത്തുന്ന കൊടും ക്രൂരത ലോകത്തിന് മുന്നിലെത്തിക്കുന്ന ‘അല്‍ ജസീറ’ വാര്‍ത്താ ചാനലിന്റെ വെസ്റ്റ്ബാങ്കിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന വിചിത്ര ഉത്തരവുമായി ഫലസ്തീന്‍ അതോറിറ്റി. രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ചാനലിന് താത്കാലിക നിരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആഭ്യന്തര, വാര്‍ത്താവിനിമയ, സാംസ്‌കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതിയുടേതാണ് തീരുമാനമെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വഫ’ റിപോര്‍ട്ട് ചെയ്തു.

അല്‍ ജസീറയുടെ സംപ്രേക്ഷണം താത്കാലികമായി നിര്‍ത്തിക്കാനുള്ള തീരുമാനം ഫലസ്തീനികളെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ഫലസ്തീന്‍ നാഷനല്‍ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂതി പറഞ്ഞു. ഇതൊരു വലിയ തെറ്റാണ്. ഈ തീരുമാനം എത്രയും വേഗം തിരുത്തണം. അതോറിറ്റിക്ക് അല്‍ ജസീറയുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. ഫലസ്തീന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുകയും ഫലസ്തീന്‍ വിഷയത്തില്‍ ഒപ്പം നില്‍ക്കുകയും ചെയ്യുന്നതാണ് ചാനലിന്റെ സമീപനം. അതിലുപരിയായി, ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും ബര്‍ഗൂതി പറഞ്ഞു.

ഇസ്‌റാഈല്‍ ഭരണകൂടം ചാനലിനെതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണ് ഫലസ്തീനിന്റെ തീരുമാനമെന്നും ഇത് പുനഃപരിശോധിക്കണമെന്നും അല്‍ ജസീറ അധികൃതര്‍ ആവശ്യപ്പെട്ടു. നേരത്തേ, ഇസ്‌റാഈലില്‍ അല്‍ ജസീറക്ക് നിരോധം ഏര്‍പ്പെടുത്തുകയും റാമല്ലയിലെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഫലസ്തീന്‍ അതോറിറ്റിയില്‍ ഭൂരിപക്ഷമുള്ള ‘ഫതഹ്’ പാര്‍ട്ടി അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ ഗവര്‍ണറേറ്റില്‍ അല്‍ ജസീറയെ ഡിസംബര്‍ 24ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കില്‍ മുഴുവന്‍ വിലക്കേര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

 

 

Latest