Uae
ഷാർജയിൽ അൽ ലയ്യ കനാൽ പദ്ധതി ഉദ്ഘാടനം ചെയ്തു
മാർച്ച് 3 വരെ നടക്കുന്ന അൽ ലയ്യ റമസാൻ മാർക്കറ്റ് ശൈഖ് സുൽത്താൻ സന്ദർശിച്ചു.

ഷാർജ | അൽ ലയ്യ കനാൽ പദ്ധതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.600 മീറ്റർ നീളമുള്ള കനാൽ ഖാലിദ് ലഗൂണിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നതാണ്.ഖാലിദ് ലഗൂണിലെ ജലചംക്രമണം വർധിപ്പിക്കുന്നതിലൂടെ ജല പുനരുപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
ബ്രേക്ക് വാട്ടർ, വാട്ടർഫ്രണ്ട് പ്രൊമെനേഡ്, പാലങ്ങൾ, വിവിധ സേവന സൗകര്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി. പ്രദേശത്തെ മഴവെള്ളം ഒഴുകുന്നതിനും ഇതോടെ എളുപ്പം കിട്ടും.
ഭാവി പദ്ധതിയിൽ ചുറ്റുമുള്ള സർക്കാർ കെട്ടിടങ്ങളുമായും കനാലിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്ന സൂഖ് അൽ ജുബൈലുമായും യോജിക്കുന്ന ഇസ്്ലാമിക വാസ്തുവിദ്യാ ഘടകങ്ങൾ കനാൽ പദ്ധതിയിൽ ഉൾപ്പെടുത്തും.
ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുന്ന അൽ ലയ്യ റമസാൻ മാർക്കറ്റ് ശൈഖ് സുൽത്താൻ സന്ദർശിച്ചു. കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും നൂതന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ധാരാളം സംരംഭങ്ങൾ മാർക്കറ്റിലുണ്ട്. റമസാൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണ സ്റ്റാളുകൾ, കഫേകൾ, കുട്ടികളുടെ ഗെയിമുകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയും ഒരുക്കുന്നുണ്ട്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അനുഗമിച്ചു.