Uae
അൽ നഹ്ദ തീപ്പിടിത്തം; ഞെട്ടലിൽ നിന്ന് മുക്തരാകാതെ പരിസരവാസികൾ
അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ തീപ്പിടിത്തത്തിൽ അധികൃതർ ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി.

ഷാർജ | ഷാർജ അൽ നഹ്ദയിൽ താമസ കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ നിന്ന് പരിസരവാസികൾ ഇനിയും മുക്തരായിട്ടില്ല.തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടത്തിൽ നിന്ന് വീണതാണ് ഒരാളുടെ മരണ കാരണം. ഇത് കണ്ടതിനാൽ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ് പരിസരവാസികളിൽ ഒരാൾ പറയുന്നത്.
“പുക ഉയരുന്നത് ഞങ്ങൾ കണ്ടു, കെട്ടിടത്തിന് ചുറ്റും ഞങ്ങൾ തടിച്ചുകൂടി. പക്ഷെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. കമ്പികളിൽ പിടിച്ചുകൊണ്ട് കെട്ടിടത്തിന്റെ മുൻഭാഗത്തു ചിലര്‍ നിൽക്കുന്നത് കണ്ടു. താഴേക്ക് ചാടാൻ അവർ ഒരുങ്ങുകയായിരുന്നു. ഒരാൾ അതില്‍ വിജയിച്ചു. അയാൾ തന്റെ രണ്ട് കൈപ്പത്തികളിലും കട്ടിയുള്ള തുണി ചുറ്റി സുരക്ഷിതമായി നിലത്തെത്തുകയായിരുന്നു. മറ്റൊരാൾ അതുതന്നെ ചെയ്യാൻ ശ്രമിച്ചു. അയാൾ കുറച്ചുനേരം വയറുകളിൽ പിടിച്ചുനിന്നു, പക്ഷേ അയാളുടെ കൈകൾ വിറക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നു. ഒടുവിൽ അയാൾ ശ്രമം ഉപേക്ഷിച്ചു. അയാൾ മരണത്തിലേക്ക് വീഴുന്നത് ഞങ്ങൾ ഭയത്തോടെ നോക്കിനിന്നു.
എന്റെ ചുറ്റുമുള്ള ആളുകൾ നിലവിളിച്ചു. അത് ഭയാനകമായിരുന്നു. കെട്ടിടത്തിന്റെ ജനാലയിൽ നിന്ന് ആളുകൾ കൈകൾ വീശി സഹായം അഭ്യർഥിക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം കണ്ടുനിൽക്കുക എന്നതായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും നിസ്സഹായത തോന്നി.’ എതിർ കെട്ടിടത്തിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാഴ്ചയായി അത് മാറി.ടവറിന്റെ 44ാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേരാണ് മരിച്ചത്. മറ്റ് 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റവർ നിലവിൽ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് പ്ലാസ്റ്ററിംഗും പെയിന്റിംഗും ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മേൽക്കൂരയിൽ നിന്ന് കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബീമുകൾ വരെ സ്റ്റീൽ വയറുകൾ നീണ്ടുനിന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഇരകളിൽ ചിലർ ജനാലകളിൽ നിന്ന് ഈ വയറുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ്.”മരണങ്ങൾ കുറക്കാൻ നിർമാണ പ്രവർത്തനങ്ങൾ സഹായിച്ചുവെന്ന് കരുതുന്നു.’ പ്രദേശത്തെ ഒരു താമസക്കാരൻ പറഞ്ഞു.
“ഇതിനുമുമ്പ്, ടവറുകളിൽ ക്ലാഡിംഗ് ഉണ്ടായിരുന്നു. ഇത് സാധാരണയായി ഷാർജ കെട്ടിടങ്ങളിൽ കാണാറുണ്ടായിരുന്നു. എന്നിരുന്നാലും, സമീപകാലത്ത്, കെട്ടിട ഉടമകളോട്, ക്ലാഡിംഗ് തീപിടിക്കുന്നതിനാൽ ഈ കെട്ടിടത്തിൽ നിന്ന് ക്ലാഡിംഗ് നീക്കം ചെയ്തിരുന്നു. വീണ്ടും പെയിന്റ് ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരുന്നു. അല്ലെങ്കിൽ, മരണസംഖ്യ വളരെ കൂടുതലാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. രാവിലെ 11.30 നാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തതെന്ന് ഷാർജ സിവിൽ ഡിഫൻസ് പറഞ്ഞു. ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിൽ അധികൃതർ ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഉടമക്കും മാനേജർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 51 നിലകളുള്ള ഒരു റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കൻ വംശജരായ താമസക്കാർ വീണു മരിച്ചത്. 1,500 പേരെ തീപ്പിടിത്തം ബാധിച്ചു.