Connect with us

International

ഗസ്സയിലെ അൽ ശിഫ ആശുപത്രിയും അടച്ചു; നവജാത ശിശുക്കൾ മരിച്ചുവീഴുന്നു

ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചു.

Published

|

Last Updated

ഗസ്സ | അടങ്ങാത്ത പ്രതികാരദാഹത്തിൽ ഇസ്റാഈൽ സൈന്യം ശവപ്പറമ്പാക്കി മാറ്റിയ ഗസ്സയിൽ രണ്ട് പ്രമുഖ ആശുപത്രികൾ കൂടി അടച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായി അൽ ശിഫ ആശുപത്രിയും അൽ ഖുദ്സ് ആശുപത്രിയുമാണ് ഏറ്റവും ഒടുവിൽ അടച്ചത്. രണ്ടിടങ്ങളിലും ഇസ്റാഈൽ ആക്രമണം ശക്തമാക്കിയതും ഇന്ധനം തീർന്നതുമാണ് ആശുപത്രികൾ പ്രവർത്തനം നിലക്കാൻ കാരണമായത്. ചികിത്സയിൽ കഴിയുന്നവരും അഭയം തേടിയവരുമായി ആയിരങ്ങൾ ഈ ആശുപത്രികളിൽ കഴിയുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തനം നിലച്ചതോടെ നിരവധി കുട്ടികളാണ് ഇവിടങ്ങളിൽ മരിച്ചുവീഴുന്നത്.

അൽ റിമാൽ ജില്ലയിലെ അൽശിഫ ആശുപത്രി ലക്ഷ്യമാക്കി അതിരൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്റാഈൽ സൈന്യം തുടരുന്നത്. ആശുപത്രി പരിസരത്ത് ആരെ കണ്ടാലും ബോംബിടുന്ന അവസ്ഥയാണ്. ആശുപത്രിക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾ പലതും ആക്രമണത്തിൽ നിലംപൊത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണാം. ഇന്ധനം തീർന്ന് പ്രവർത്തനം തുടരാനാകാത്തതിനാൽ അൽ ശിഫ ആശുപത്രിയുടെ ഗേറ്റ് പൂർണമായും അടച്ചു. പുതിയ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല.

അൽശിഫ ആശുപത്രിയുടെ ഹൃദയചികിത്സ വിഭാഗവും ​ഐ.സി.യുവും ഇസ്റാഈൽ സേന ബോംബിട്ട് തകർത്തു. ആക്രമണത്തിൽ മൂന്ന് നഴ്സുമാർ കൊല്ലപ്പെട്ടതായി യു എൻ വൃത്തങ്ങൾ അറിയിച്ചു. ഇൻകുബേറ്ററിലും മറ്റും ചികിത്സയിൽ കഴിയുന്ന മൂന്ന് നവജാത ശിശുക്കൾ ഉൾപ്പെടെ 13 രോഗികളും മരണത്തിന് കീഴടങ്ങി. 650 രോഗികളും അഭയം തേടിയവരും അടക്കം 2500ഓളം ആളുകൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചു. രണ്ട് ആശുപത്രികളിലുമായി നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്. ഗസ്സയിലെ മറ്റൊരു ആശുപത്രിയായ കമൽ അദ്‍വാൻ ആശുപത്രിയും പ്രവർത്തനം നിർത്തിയിട്ടുണ്ട്.

ഗസ്സയിലെ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നതിനാൽ മേഖലയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകളും ഇപ്പോൾ പുറത്തുവരുന്നില്ല. വെള്ളിയാഴ്ച മുതൽ തുടർച്ചയായ രണ്ടാം ദിവസവും ഗസ്സയിലെ മരണസംഖ്യയെകുറിച്ചച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് ഫലസ്തീനിലെ യു.എൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു. നവംബർ 10 ന് പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണി വരെയുള്ള മരണസംഖ്യയാണ് അവസാനമായി ലഭിച്ചത്. 11,078 ഫലസ്തീനികളാണ് ആ സമയം വരെ ഗസ്സയിൽ കൊല്ലപ്പെട്ടതെന്ന് യു.എൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു.

ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും ഖാൻ യൂനുസിലും ആക്രമണം നടക്കുന്നുണ്ട്. ഖാൻ യൂനുസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ യു.എൻ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തരമായ അഭ്യർഥന കാറ്റിൽ പറത്തി ഇസ്റാഈൽ നടത്തുന്ന ആക്രമണം 37-ാം ദിവസത്തേക്ക് കടക്കുമ്പോഴും ബെഞ്ചമിൻ നെതന്യാഹുവിനും സംഘത്തിനും ഒരു മനസാക്ഷിക്കുത്തുമില്ല. ഗസ്സയിലെ വെടിനിർത്തൽ ആവശ്യം നെതന്യാഹു വീണ്ടും തള്ളിയിരുന്നു. കൂടുതൽ സൈനികരെ രംഗത്തിറക്കി ആക്രമണം കടുപ്പിക്കുകയാണ് ഇസ്റാഈൽ ഇപ്പോൾ ചെയ്യുന്നത്.