Organisation
അൽ യഖീൻ സിമ്പോസിയത്തിന് പ്രൗഢ തുടക്കം
പാശ്ചാത്യ തത്ത്വ ചിന്തയെയും മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമായ ഇൽമുൽ കലാമിനെയും മുൻനിർത്തിയുള്ള ആലോചനകളിലൂടെ വിജ്ഞാനത്തിന്റെ ഇസ്‌ലാമികവത്കരണം സാധ്യമാക്കുക എന്നതാണ് സിമ്പോസിയത്തിന്റെ ലക്ഷ്യം.
പാലക്കാട് | സാമൂഹികോത്കർഷത്തിന്റെ അഭിമാന ദശകങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന ഹസനിയ്യ ട്രൈസിന കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അൽ യഖീൻ സിമ്പോസിയത്തിന് പ്രൗഢ തുടക്കം. ഹസനിയ്യ ക്യാമ്പസിൽ നടക്കുന്ന രണ്ട് ദിവസത്തെ സിമ്പോസിയം സമസ്ത സെക്രട്ടറി മുഹ്്യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സമകാലിക ലോകത്തെ വിവിധ മുസ്‌ലിം സമൂഹങ്ങളിൽ നടക്കുന്ന വിശ്വാസ, ആത്മീയ രംഗത്തെ പുതിയ വികാസങ്ങളെയും ആലോചനകളെയും അതിനോടുള്ള പാരമ്പര്യ ഇസ്‌ലാമിന്റെ പ്രതികരണവും ചർച്ച ചെയ്യുന്ന സിമ്പോസിയത്തിന് പ്രമുഖ പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുന്നത്.
പാശ്ചാത്യ തത്ത്വ ചിന്തയെയും മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമായ ഇൽമുൽ കലാമിനെയും മുൻനിർത്തിയുള്ള ആലോചനകളിലൂടെ വിജ്ഞാനത്തിന്റെ ഇസ്‌ലാമികവത്കരണം സാധ്യമാക്കുക എന്നതാണ് സിമ്പോസിയത്തിന്റെ ലക്ഷ്യം.
ഇന്നലെ നടന്ന വിവിധ സെഷനുകളിൽ ശൗക്കത്ത് നഈമി ബുഖാരി, ആരിഫ് ബുഖാരി, ഇബ്‌റാഹീം സഖാഫി ചിറക്കൽപടി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ഹസൻ ബാഖവി പല്ലാർ, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, സഫീർ താനാളൂർ, അബ്ദുൽ ബാരി സിദ്ദീഖി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അധ്യക്ഷത വഹിച്ചു. ഹസനിയ്യ അക്കാദമിക് കോ- ഓഡിനേറ്റർ സാബിത്ത് അൽ ഹസനി പള്ളിക്കുന്ന് ആമുഖഭാഷണം നടത്തി.ഇന്ന് നടക്കുന്ന സെഷനുകൾക്ക് സിബ്ഗത്തുല്ലാഹ് സഖാഫി, അബ്ദുൽ ജലീൽ സഅദി രണ്ടത്താണി, ജലീൽ സഖാഫി ചെറുശ്ശോല, ശുഐബുൽ ഹൈതമി, കെ കെ അബൂബക്കർ മുസ്്ലിയാർ താഴെക്കോട്, ഐ എം കെ ഫൈസി കല്ലൂർ, ഇബ്‌റാഹീം സഖാഫി മേൽമുറി തുടങ്ങിയവർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സിമ്പോസിയം ഇന്ന് വൈകിട്ട് സമാപിക്കും.
പാരമ്പര്യം പുതിയ ഗവേഷണങ്ങളുടെ വഴികാട്ടി: പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ
പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടെന്ന് സമസ്ത സെക്രട്ടറി മുഹ് യിസുന്ന
പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ. പാലക്കാട് ഹസനിയ്യ യിൽ നടക്കുന്ന അൽ യഖീൻ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിൽ ഗവേഷണ അഭിരുചി വളർത്താനുള്ള കൂടുതൽ മികച്ച സംവിധാനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം. വിദ്യാർത്ഥി കാലത്തെ വൈജ്ഞാനികമാക്കുന്ന പ്രവർത്തികൾക്കാക്കണം മുൻഗണന നൽകേണ്ടത്. ഇ കെ ഹസൻ മുസ്ലിയാർ സ്മാരക സിമ്പോസിയം പരമ്പര ഈ വഴിക്കുള്ള ശ്രദ്ധേയമായ സംഭാവനകൾ നൽകും. അദ്ദേഹം അഭിപ്രായപ്പെട്ടു. ജാമിഅ ഹസനിയ്യ പ്രിൻസിപ്പാൾ കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അധ്യക്ഷത വഹിച്ചു.