Connect with us

alappuzha twin murder

ആലപ്പുഴ ഇരട്ടക്കൊലപാതകം; വേഗം കൂട്ടാൻ വിയർത്ത് പോലീസ്

പിടിയിലായവരെല്ലാം തന്നെ ഷാൻ വധത്തിൽ ഗൂഢാലോചന നടത്തിയവരാണെന്നതും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടികൂടാൻ സാധിച്ചില്ലെന്നതും പോലീസിനെതിരെ കടുത്ത വിമർശമുയരാൻ കാരണമായി

Published

|

Last Updated

ആലപ്പുഴ| മണ്ണഞ്ചേരി പോലീസിന്റെ മൂക്കിന് മുന്നിൽ നടന്ന എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ഒന്നിലധികം പേരെ പിടികൂടിയിട്ടും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽപെട്ടവർ കസ്റ്റഡിയിലായത് കൊലപാതകം നടന്ന് ആറ് ദിവസത്തിന് ശേഷം. പ്രതികൾ സംസ്ഥാനം വിട്ടെന്ന് പറഞ്ഞ് അവിടേക്ക് അന്വേഷണ സംഘം പുറപ്പെട്ടതിന് പിന്നാലെയാണ് ഷാൻ വധക്കേസിലെ പ്രധാന പ്രതികൾ പോലീസ് കസ്റ്റഡിയിലാകുന്നത്. മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ള പ്രതികളാണ് പോലീസ് പിടിയിലായത്. ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ചംഗങ്ങളുണ്ടായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടികൂടുന്നത് ഇന്നലെ മാത്രമാണ്. ഗൂഢാലോചനയിൽ പത്തോളം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കൊലപാതകം നടന്ന് അന്ന് രാത്രി തന്നെ രണ്ട് ആർ എസ് എസ് പ്രവർത്തകരെ ആലപ്പുഴയിലെ കാര്യാലയത്തിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ സേവാഭാരതി ആംബുലൻസ് ഡ്രൈവർ ചേർത്തല സ്വദേശി അഖിലും അറസ്റ്റിലായി. എന്നാൽ പിടിയിലായവരെല്ലാം തന്നെ ഷാൻ വധത്തിൽ ഗൂഢാലോചന നടത്തിയവരാണെന്നതും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടികൂടാൻ സാധിച്ചില്ലെന്നതും പോലീസിനെതിരെ കടുത്ത വിമർശമുയരാൻ കാരണമായി. പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കിയതാണ് പിടികൂടാൻ വൈകുന്നതെന്ന വിശദീകരണമാണ് അന്വേഷണ സംഘം നൽകിപ്പോന്നത്. എ ഡി ജി പി വിജയ് സാഖറെ, പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും പിടികൂടാൻ അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടതായും അറിയിച്ചിരുന്നു. പ്രസ്താവന വന്ന് അധികം വൈകാതെ ഷാൻ വധക്കേസിൽ പങ്കെടുത്തവരെ പിടികൂടാൻ പോലീസിനായത് പ്രതികൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

ഒ ബി സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനാകാത്തത് വീണ്ടും പോലീസിന് തലവേദനയാകും. ആറ് ബൈക്കുകളിലെത്തിയ 12 അംഗ സംഘമാണ് കൊല നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെങ്കിലും ഇവരിൽ ഒരാളെ പോലും ഇനിയും പിടികൂടാനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ ഗൂഢാലോചനയിൽ പങ്കടുത്തവരാണ്.
ഗൂഢാലോചനയിൽ പങ്കെടുത്തവരെ ഇനിയും പിടികൂടാനുണ്ട്. കുറ്റകൃത്യത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലും പിടികൂടാനാകാത്തത് പോലീസിന് നാണക്കേടായിരിക്കുകയാണ്. രഞ്ജിത്തിന്റെ കൊലപാതകം പോലും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന വിമർശം നിലനിൽക്കെയാണ് കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളിൽ ഒരാളെ പോലും പിടികൂടാൻ കഴിയാതെ പോലീസ് വിയർക്കുന്നത്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് എസ് പി ഓഫീസിന്റെയും ഡി വൈ എസ് പി ഓഫീസിന്റെയും സൗത്ത് പോലീസ് സ്റ്റേഷന്റെയും വിളിപ്പാടകലെ അരുംകൊല അരങ്ങേറിയത്.

വരും ദിവസങ്ങളിൽ കൂടുൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പ്രതികളെല്ലാം പോലീസ് നിരീക്ഷണത്തിലാണെന്നുമാണ് എ ഡി ജി പി വിജയ് സാഖറെ പറയുന്നത്. സംസ്ഥാന പോലീസിന്റെ കാര്യക്ഷമതക്ക് തന്നെ ചോദ്യചിഹ്നമായി മാറിയ ഇരട്ടകൊലപാതക കേസിലെ മുഴുവൻ പ്രതികളെയും അഴികൾക്കുള്ളിലാക്കുമെന്ന സർക്കാറിന്റെയും പോലീസ് ഉന്നതോദ്യോഗസ്ഥരുടെയും പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്നതാണ് ചോദ്യം.

Latest