Kerala
ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയത് പ്രമോഷനോടെ; നടക്കുന്നത് മര്യാദയില്ലാത്ത മാധ്യമ പ്രവര്‍ത്തനം: മന്ത്രി എംബി രാജേഷ്
സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍ഫര്‍ വൈകിയത്.
ആലപ്പുഴ | യു പ്രതിഭ എംഎല്‍എയുടെ മകനെയും സുഹൃത്തുക്കളേയും കഞ്ചാവുമായി പിടികൂടിയ സംഭവത്തിന് പിറകെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി കെ ജയരാജിനെ സ്ഥലം മാറ്റിയതില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. പ്രമോഷന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറെ സ്ഥലം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ടെന്നും അതില്‍ ഒരെണ്ണം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശരിയല്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
15 പേര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാരായും 23 പേര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷന്‍ ട്രാന്‍സ്ഫറാണ് നടന്നതെന്നും മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍ഫര്‍ വൈകിയത്.
അതേ സമയം സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം മാത്രമിരിക്കെ മലപ്പുറത്തേക്കാണ് കൊല്ലം സ്വദേശിയായ പി കെ ജയരാജിനെ സ്ഥലം മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റെടുത്ത് മൂന്നുമാസം തികയുംമുന്‍പാണ് ഈ നടപടി. സാധാരണഗതിയില്‍ വിരമിക്കുന്നതിന്റെ അടുത്ത കാലയളവില്‍ സ്വന്തം സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാറുള്ളത്.