Connect with us

Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Published

|

Last Updated

കൊച്ചി  | ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചതിലാണ് ശ്രീനാഥ് ഭാസി അടക്കമുള്ളവരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി അറിയുന്നത്.

അതേ സമയം കേസില്‍ താന്‍ നിരപരാധിയാണെന്നും തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നുമാണ് ശ്രീനാഥ് ഹരജിയില്‍ പറയുന്നത്. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നി കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

തസ്ലിമയുടെയും ഫിറോസിന്റെയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നിന്ന് പിടിച്ചെടുത്തത്. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബൈ, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് അറിയുന്നത്.

Latest